police

തൃശൂർ: പീച്ചി വലതുകര കനാലിന് സമീപം കല്ലിടുക്കിൽ അഞ്ചുമാസം പ്രായമുള്ള ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി. കളിക്കുകയായിരുന്ന കുട്ടികൾ പാവയാണെന്ന് കരുതി എടുക്കാൻ ശ്രമിക്കുന്നതിനിടെ കുഞ്ഞിന്റെ മൃതദേഹമാണന്ന് തിരിച്ചറിഞ്ഞ് വീട്ടുകാരെ അറിയിക്കുകയായിരുന്നു.

മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയ്ക്കു സമീപം കനാൽ കടന്നുപോകുന്ന ഭാഗത്തു നിന്നാണു മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം. ലിംഗനിർണയം നടത്താൻ കഴിയാത്ത നിലയിലാണെന്ന് പൊലീസ് പറഞ്ഞു.

ശനിയാഴ്ച കനാലിലൂടെ വെള്ളം തുറന്നു വിട്ടിരുന്നു. മൃതദേഹം ഒഴുകി വന്നതാണോ എന്ന് അന്വേഷിക്കുന്നുണ്ട്.

വെള്ളം നിറുത്തിയതിനുശേഷം ആരെങ്കിലും ഉപേക്ഷിച്ചതാണോ എന്നകാര്യത്തിലും പീച്ചി എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ട്. മാസങ്ങൾക്ക് മുമ്പ് തൃശൂരിൽ പുഴക്കലിൽ വെള്ളച്ചാലിലും ചെറുതുരുത്തി തടയണയിലും നവജാത ശിശുക്കളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. പുഴക്കലിൽ പ്രസവിച്ചതിന് പിന്നാലെ അമ്മ കൊലപ്പെടുത്തി കാമുകന്റെ കൈവശം ഉപേക്ഷിക്കാൻ നൽകിയതാണെന്ന് കണ്ടെത്തിയിരുന്നു. ഇതിൽ അമ്മയും കാമുകനും സുഹൃത്തും ഇപ്പോഴും ജയിലിലാണ്.