chena

നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്നതും നാം പൊതുവെ ഉപയോഗിയ്ക്കുന്നതുമായ കിഴങ്ങ് വർഗങ്ങളിലൊന്നാണ് ചേന. ഇതിന്റെ തണ്ടും ഇലയുമെല്ലാം ഭക്ഷ്യ യോഗ്യമാണെന്ന് മാത്രമല്ല,​ ഇതിന് ഏറെ പോഷക ഗുണങ്ങളുമുണ്ട്. ചേനയിൽ അടങ്ങിയിട്ടുള്ള മിനറൽസും കാത്സ്യവും എല്ലുകളുടേയും പല്ലിന്റേയും വളർച്ചയ്ക്ക് സഹായിക്കുന്നു.

ചേനയിൽ ധാരാളമായി അടങ്ങിയിട്ടുള്ള നാരുകൾ ശരീരകോശങ്ങളുടെ ഗ്ലൂക്കോസ് ആഗീരണം കുറയ്ക്കും. ഇതിൽ ഗ്ലൈസമിക് ഇൻഡെക്സ് തീരെ കുറവായതിനാൽ ചേന കഴിയ്ക്കുന്നത് പ്രമേഹം നിയന്ത്രിച്ചു നിറുത്താൻ സഹായിക്കും. കൂടാതെ ധാരാളമായി നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ഇത് ദഹന പ്രശ്നങ്ങളിൽ നിന്ന് സംരക്ഷണം നല്കുന്നു. ഇത് കൂടാതെ ഇതിലടങ്ങിയിരിക്കുന്ന ഗ്ലൂക്കാമെനൻ എന്ന ഘടകം രക്തസമ്മർദ്ദം കുറയ്ക്കുമെന്നതാണ്. സ്ത്രീകളിലെ ഹോർമോൺ വ്യത്യാസങ്ങൾ നിയന്ത്രിയ്ക്കാനും ഇതേറെ നല്ലതാണ്. ഇങ്ങനെയൊക്കെയാണെങ്കിലും ചേന ചിലർക്കെങ്കിലും അലർജിയുണ്ടാക്കാറുണ്ട്. ഇതിലെ ഓക്സാലിക് എന്ന ഘടകം മൂലം ചിലർക്ക് ഇത് കഴിക്കുമ്പോൾ തൊണ്ടയിൽ ചൊറിച്ചിലുണ്ടാകാം. ചേന വറുത്തു കഴിയ്ക്കുന്നത് കഴിവതും ഒഴിവാക്കണം. ഇത് പുഴുക്കു വച്ചു കഴിയ്ക്കുന്നത് ഏറെ നല്ലതാണ്.