
ബംഗളൂരു: ശ്രീരാമ നവമി ഘോഷയാത്രകളെ ആക്രമിക്കാൻ ശ്രമിച്ചത് രാജ്യത്തെ വിഭജിക്കാനുളള ശ്രമമാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. കർണാടകയിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തിൽ കോൺഗ്രസ് ഒട്ടും ഉത്തരവാദിത്വമില്ലാതെയാണ് പെരുമാറുന്നതെന്നും നദ്ദ ആരോപിച്ചു.
കർണാടകയിലുണ്ടായ സംഭവത്തിൽ മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ നടപടിയെടുക്കുമെന്നും നദ്ദ പറഞ്ഞു. കോൺഗ്രസ് ഭരണകാലത്ത് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പിഎഫ്‌ഐയിലെ ചില തീവ്രനിലപാടുളളവരെ ജയിൽ മോചിതരാക്കിയെന്നും നദ്ദ ആരോപിച്ചു. 'തീവ്രവാദത്തിനെതിരെ പ്രസംഗിച്ച ശേഷം കോൺഗ്രസ് തീവ്രവാദികളെ തുറന്നുവിടുന്നു' അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹലാൽ മാംസത്തിന്റെ പേരിലും പളളികളിലെ ലൗഡ്‌സ്‌പീക്കറുകളുടെ പേരിലും മുതൽ ഹിജാബ് വിഷയം വരെ കർണാടകയിൽ ഈയിടെ വിവാദമുണ്ടായിരുന്നു. ഇത്തരം പ്രശ്‌നങ്ങൾക്ക് കാരണം ബിജെപിയാണെന്ന് കോൺഗ്രസ് അടക്കം 12 പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചിരുന്നു. ബിജെപി ഉളളയിടത്ത് ലക്ഷ്യമുണ്ടെന്നും കോൺഗ്രസ് ഉളളയിടത്ത് കമ്മീഷനും അഴിമതിയുമാണെന്ന് നദ്ദ പരിഹസിച്ചു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ആകമാനം ബിജെപി നേതൃത്വത്തിലുളള മുന്നണികൾ അധികാരം നേടിയതായും ഈ വിജയം കണ്ട് ചിലർ അമ്പരന്ന് പോയെന്നും ഇവരാണ് സമൂഹത്തിൽ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നതെന്നും ജെ.പി നദ്ദ പറഞ്ഞു.