binu-pappachan

ചെന്നൈ: ഓൺലൈൻ സ്ഥാപനത്തിലെ ഡെലിവറി ബോയിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി കൊള്ളയടിച്ച കേസിൽ മലയാളി ഗുണ്ട അറസ്റ്റിൽ. നിരവധി കേസുകളിൽ പ്രതിയായ തിരുവനന്തപുരം സ്വദേശി ബിനു പാപ്പച്ചനാണ് ചെന്നൈയിൽ അറസ്റ്റിലായത്. ഡെലിവറി ബോയിയായ എൻ ജാനകിരാമന്റെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.

2018ൽ, 70ലധികം ഗുണ്ടകളുമായി വടിവാൾ ഉപയോഗിച്ച് കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ചത് മുതൽ പൊലീസിന്റെ കണ്ണിലെ കരടാണ് ബിനു. കണ്ടാലുടൻ വെടിവച്ചിടാൻ സിറ്റി പൊലീസ് കമ്മീഷണർ ഉത്തരവിട്ടതിനെ തുടർന്ന് അന്ന് ഇയാൾ കീഴടങ്ങിയിരുന്നു. എന്നാൽ കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ബിനുവിനെക്കുറിച്ച് പൊലീസിന് പിന്നീട് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. ജാമ്യം ലഭിച്ച ശേഷം ചെന്നൈയിലേയ്ക്ക് പോയ ഇയാൾ ചൂളൈമേടയിലെ ഒരു ചായക്കടയിൽ തൊഴിലാളിയായി കഴിയുകയായിരുന്നു.

അതിനിടെയാണ് ഇപ്പോൾ ഡെലിവറി ബോയിയെ കൊള്ളയടിച്ച കേസിൽ ബിനു പാപ്പച്ചൻ അറസ്റ്റിലാവുന്നത്. പണവും ഫോണും തട്ടിയെടുക്കുന്നതിനിടെ തന്നെപ്പറ്റി കൂടുതലറിയാൻ ഗൂഗിൾ ചെയ്ത് നോക്കെന്നായിരുന്നു ബിനുവിന്റെ ഭീഷണി. ഇക്കാര്യം ജാനകിരാമൻ പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്. പിന്നീട് നടന്ന തെരച്ചിലിലാണ് ബിനുവും സഹായിയും അറസ്റ്റിലായത്. ഗുണ്ടാപ്പണി നിർത്തി സ്വസ്ഥമായി ജീവിക്കുകയാണെന്ന് പൊലീസിനോട് ഇയാൾ പതിവുപോലെ ആവർത്തിച്ചെങ്കിലും വിലപ്പോയില്ല. കരാട്ടെയിൽ വിദഗ്ദ്ധനായ ബിനു പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ സഹായിയായാണ് ഗുണ്ടാ ജീവിതം ആരംഭിച്ചത്.