sreenivasan-palakkad

പാലക്കാട്: ജില്ലയിലെ ഇരട്ട കൊലപാതകങ്ങളിൽ കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്ന് സൂചന. നിലവിൽ ശ്രീനിവാസൻ വധത്തിൽ രണ്ട് പേരും സുബൈർ വധത്തിൽ നാല് പേരുമാണ് കസ്റ്റഡിയിലുള്ളത്. ഇവരുടെ ഫോൺ രേഖകൾ വിശദമായി പരിശോധിച്ചു വരികയാണ്. ഫോണിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.


ശ്രീനിവാസൻ വധത്തിലെ പ്രതികൾ പാലക്കാട് നഗരത്തിൽ തന്നെ ഉള്ളവരാണെന്നാണ് പൊലീസിന്റെ നിഗമനം. ഇവർ സഞ്ചരിച്ച വാഹനങ്ങളുടെ നമ്പറുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.
ശ്രീനിവാസനെ ആക്രമിച്ചതിൽ നേരിട്ട് പങ്കെടുത്ത ഒരാളുടെ സഹോദരൻ ഉൾപ്പടെയുള്ള രണ്ട് പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം.


സംഭവം നടന്നിട്ട് രണ്ട് ദിവസമായിട്ടും അറസ്റ്റ് ഒന്നും രേഖപ്പെടുത്താൻ സാധിച്ചില്ല എന്നത് പൊലീസിനെതിരെ വലിയ വിമർശനം ഉയർത്തിയിരുന്നു. എന്നാൽ യഥാർത്ഥ പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനാലാണ് വൈകുന്നതെന്നും അറസ്റ്റ് ഉടൻ തന്നെ ഉണ്ടാകുമെന്നുമാണ് പൊലീസ് വൃത്തങ്ങൾ അറിയിക്കുന്നത്. പട്ടാപ്പകൽ നടന്ന സംഭവങ്ങളായിട്ടുകൂടി ദൃക്സാക്ഷികളിൽ നിന്നും കാര്യമായ വിവരങ്ങൾ ലഭിക്കാത്തത് അന്വേഷണ സംഘം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ്. കേസുകളുടെ അന്വേഷണ പുരോഗതി അറിയിക്കാനായി എഡിജിപി വിജയ് സാക്കറെ ഇന്ന് മന്ത്രി കൃഷ്ണൻ കുട്ടിയെ കാണും.


അതേസമയം, പാലക്കാട്ട് കളക്ടറേറ്റിൽ മന്ത്രി കൃഷ്ണൻ കുട്ടിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് മൂന്നരയ്ക്ക് സർവകക്ഷിയോഗം ചേരും. ബിജെപി നേതാക്കൾ ആദ്യം പങ്കെടുക്കില്ല എന്ന നിലപാട് എടുത്തെങ്കിലും അവരും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. യോഗത്തിൽ പോപ്പുലർ ഫ്രണ്ട് നേതാക്കൾ പങ്കെടുക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു.