
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ നിന്നും കാണാതായ ജെസ്ന മരിയ ജയിംസ് സിറിയയിലാണെന്ന് സി ബി ഐ കണ്ടെത്തിയെന്ന പ്രചരണം വ്യാജമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. അത്തരം കണ്ടെത്തലുകളൊന്നും ഉണ്ടായിട്ടില്ലെന്ന് സിബിഐ വ്യത്തങ്ങൾ അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെ വ്യാപക പ്രചാരണമുണ്ടായതോടെയാണ് അന്വേഷണ സംഘം വാർത്ത നിഷേധിച്ചത്.
2018 മാർച്ച് 22നാണ് വെച്ചൂച്ചിറ സ്വദേശി ജെയിംസ് ജോസഫിന്റെ മകൾ ജസ്ന മരിയയെ (20) കാണാതായത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിൽ രണ്ടാം വർഷ ബികോം വിദ്യാർത്ഥിനിയായിരുന്നു ജസ്ന. മലയോര മേഖലയായ കൊല്ലമുളയിലെ സന്തോഷ് കവലയ്ക്ക് അടുത്തുള്ള വീട്ടിൽ നിന്ന് മാർച്ച് 22ന് രാവിലെ പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞുപോയ പെൺകുട്ടി പിന്നെ തിരിച്ചെത്തിയില്ല. പഠിക്കാനുള്ള പുസ്തകങ്ങളല്ലാതെ മറ്റൊന്നും എടുക്കാതെയാണ് പോയത്.
ആദ്യം പൊലീസും പിന്നെ വിവിധ ഏജൻസികളും കേസ് അന്വേഷിച്ചിട്ടും ജെസ്നയെ കണ്ടെത്താനായിരുന്നില്ല. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് അന്വേഷണം ഹൈക്കോടതി സിബിഐയെ ഏൽപ്പിച്ചത്. കൊച്ചിയിലെ ക്രിസ്ത്യൻ അലയൻസ് ആന്റ് സോഷ്യൽ ആക്ഷൻ എന്ന സംഘടന നൽകിയ ഹർജിയിലായിരുന്നു നടപടി.