
ബ്രസീലിയ: മാസ്‌ക് ധരിക്കണമെന്ന നിബന്ധന ഒഴിവാക്കിയത് ആഘോഷിക്കാൻ ചെവി മുറിച്ച് മാറ്റി യുവാവ്. ശരീരത്തിൽ വരുത്തിയ അസാധാരണമായ മാറ്റങ്ങളുടെ പേരിൽ 'മനുഷ്യ സാത്താൻ' എന്നറിയപ്പെടുന്ന ബ്രസീലിയൻ യുവാവാണ് ഞെട്ടിക്കുന്ന രീതിയിൽ മാസ്‌ക് ഉപയോഗത്തിന്റെ അവസാനം ആഘോഷിച്ചത്.
മൈക്കൽ ഫാറോ ഡോ പ്രാഡോ എന്ന യുവാവാണ് ശരീരത്തിൽ അറുപതിലധികം ശസ്ത്രക്രിയകളും മറ്റും നടത്തി രൂപമാറ്റം വരുത്തിയത്. മൈക്കലിന്റെ 80 ശതമാനം ശരീരവും ടാറ്റൂ ചെയ്തിരിക്കുകയാണ്. മാത്രമല്ല അന്യഗ്രഹജീവിയുടെ രൂപത്തിൽ എത്താൻ തലയിൽ കൊമ്പ് വച്ചുപിടിപ്പിച്ചു. പൊക്കിൾ ചുഴി മുറിച്ചുമാറ്റി. മൂക്കിന്റെ ഒരു ഭാഗം മുറിച്ചുകളഞ്ഞു. ഒരു വിരൽ വളച്ച് പ്രത്യേക രൂപത്തിലാക്കി. ഏറ്റവും ഒടുവിലാണ് ചെവി മുറിച്ചുമാറ്റിയത്. ശരീരഘടനയിൽ മാറ്റം വരുത്തുന്നതിൽ വിദഗ്ദ്ധനായ മെക്‌സിക്കോ സ്വദേശി ഗാറ്റോ മൊറേനോ ആണ് ഓപ്പറേഷൻ നടത്തിയത്.

തന്റെ പുതിയ രൂപത്തിൽ ഏറെ ആഹ്ളാദവാനാണെന്നും കുടുംബം എപ്പോഴും തന്നെ പിന്തുണയ്ക്കാറുണ്ടെന്നും ഓപ്പറേഷന് പിന്നാലെ മൈക്കൽ ഫാറോ പറഞ്ഞു.
