കോളേജ് ലൈഫിൽ ആരോടെങ്കിലും പ്രണയം തോന്നാത്തവർ ഉണ്ടാകുമോ. വിവാഹത്തിൽ കലാശിച്ചില്ലെങ്കിലും ഒരു വൺവേ പ്രണയമെങ്കിലും തോന്നാത്തവർ ചുരുക്കമായിരിക്കും. അത്തരത്തിൽ താൻ മുൻപ് പ്രണയം തുറന്നുപറഞ്ഞപ്പോഴുള്ള പെൺകുട്ടികളുടെ പ്രതികരണത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഗിന്നസ് പക്രു ഇപ്പോൾ.

'സ്‌കൂൾ കാലം തൊട്ടേ എന്നെ കൂടുതലാളുകളും ഉപയോഗിച്ചിരുന്നത് ഹംസമായിട്ടാണ്. എനിക്ക് കൊച്ചുകുട്ടികളുടെ മുഖമാണ്. ഞാൻ പെൺകുട്ടികളോട് പോയി സംസാരിച്ചാൽ അദ്ധ്യാപകർ വഴക്കൊന്നും പറയില്ല. ചേട്ടന്മാരൊക്കെ അവരുടെ ഇഷ്ടം പറയാൻ എന്നെയാണ് ഉപയോഗിച്ചിരുന്നത്. ഹംസത്തിന് അസൂയയും ഈഗോയുമൊക്കെയാണ് പ്രശ്നം. എനിക്കിത് പറ്റുന്നില്ലല്ലോന്ന്.
നമ്മളിലെ ഒരു കൗമാരക്കാരൻ ഉണർന്നിരിപ്പുണ്ട്. അത് അനുഭവിച്ചവർക്കേ ആ വേദന അറിയൂ. കോളേജിലൊക്കെ പഠിക്കുമ്പോൾ നമുക്ക് പലരോടും തോന്നും. പോയി പറഞ്ഞിട്ട് പലതും പൊളിഞ്ഞിട്ടുണ്ട്. ചേട്ടനോട് അങ്ങനെയൊന്നുമില്ല, വാത്സല്യമാണ് എന്നൊക്കെയായിരുന്നു പെൺകുട്ടികളുടെ മറുപടി.'-ഗിന്നസ് പക്രു പറഞ്ഞു.