
ചണ്ഡിഗഢ്: പഞ്ചാബിൽ റെയിൽവേ ട്രാക്കിൽ നിന്ന ഒരു കൂട്ടം പശുക്കളെ ഇടിച്ചതിനെ തുടർന്ന് ഗുഡ്സ് ട്രെയിൻ പാളം തെറ്റി. ഇന്നലെ രാത്രിയോടെ പതാൻകോട്ട് - അമൃത്‌സർ റെയിൽവേ ലൈനിൽ രൂപ്നഗറിനടുത്തു വച്ചാണ് അപകടം നടന്നത്. അപകടത്തിൽ 16 വാഗണുകൾ പാളത്തിൽ നിന്ന് തെന്നിമാറി.
Punjab | 16 wagons of a goods train derailed at Rupnagar last night
— ANI (@ANI) April 18, 2022
The train was coming from Ropar Thermal Plant when the incident occurred due to sudden braking by the driver after a herd of cattle came on the railway track. Few express & passenger trains cancelled:DRM Ambala pic.twitter.com/QUdm7MSUl0
റോപ്പറിലെ ഗുരു ഗോബിന്ദ് സിംഗ് സൂപ്പർ തെർമൽ പ്ലാന്റിൽ കൽക്കരി ഇറക്കിയ ശേഷം കാലിയായി തിരിച്ചു വന്ന ട്രെയിനാണ് അപകടത്തിൽ പെട്ടത്. ട്രെയിനിൽ ആകെ 56 വാഗണുകളാണ് ഉണ്ടായിരുന്നത്. അപകടത്തിൽ നാല് വൈദ്യുത തൂണുകളും തകർന്നു. ഇന്ന് വൈകുന്നേരത്തോടു കൂടി ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം പഴയപടിയാക്കുമെന്ന് അധികൃതർ അറിയിച്ചു.
ഒരു കൂട്ടം പശുക്കൾ ട്രാക്കിലേക്ക് കടന്നു വന്നത് കണ്ട ലോക്കോ പൈലറ്റ് പെട്ടന്ന് എമർജൻസി ബ്രേക്ക് ഉപയോഗിച്ചതാണ് ട്രെയിൻ പാളം തെറ്റാൻ കാരണമെന്നാണ് വിവരം. ബ്രേക്ക് പിടിച്ചുവെങ്കിലും പശുക്കളെ ഇടിച്ചു. അപകടത്തെ തുടർന്ന് ഇതു വഴിയുള്ള എട്ട് എക്സ്പ്രസ്, പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അധികൃതർ അറിയിച്ചു.