
മുംബയ്: അഞ്ചുവട്ടം ഐപിഎൽ ചാമ്പ്യന്മാരായ മുംബയ് ഇന്ത്യൻസിന്റെ നില ഇത്തവണ പരുങ്ങലിലാണ്. ലീഗിൽ തുടർച്ചയായ ആറാം തോൽവിയാണ് മുംബയ് വഴങ്ങിയിരിക്കുന്നത്. ലേലത്തിൽ മികച്ച ബൗളേഴ്‌സിനെ ടീമിലെത്തിക്കാനാകാത്തത് കനത്ത തിരിച്ചടിയായിരിയ്‌ക്കുകയാണ്. ബൗളിംഗ് വിഭാഗത്തിലെ സ്ഥിരതയില്ലാത്ത പ്രകടനമാണ് മുംബയുടെ തുടർത്തോൽവികളുടെ പ്രധാന കാരണം.
ഇപ്പോഴിതാ ടീമിന് ഉപദേശവുമായി എത്തിയിരിയ്ക്കുകയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ. സച്ചിൻ തെൻഡുൽക്കറുടെ മകന് കളിയ്‌ക്കാൻ അവസരം നൽകണമെന്നാണ് അസ്ഹറുദ്ദീൻ പറയുന്നത്.
'മുംബയ് കുറച്ച് പുതിയ താരങ്ങൾക്ക് അവസരം നൽകി നോക്കണം. ചിലപ്പോൾ തെൻഡുൽക്കർ എന്ന പേര് ടീമിന് ഭാഗ്യം കൊണ്ടുവന്നേക്കാം. കോടികളെറിഞ്ഞ് ടീമിലെത്തിച്ച സിംഗപ്പൂര്‍ ക്രിക്കറ്റ് താരം ടിം ഡേവിഡിനും ആവശ്യത്തിന് അവസരം നൽകണം.
ഒരുപാട് പണം മുടക്കി ടീമിലെത്തിച്ച അദ്ദേഹം കളിക്കാതിരുന്നാൽ പിന്നെയെന്താണ് ഉപകാരമുള്ളത്. മുംബയ്ക്ക് താരങ്ങളുണ്ടെങ്കില്‍ അവരെ ഇനിയും മാറ്റി ഇരുത്തരുത്. അങ്ങനെ ചെയ്‌താൽ അത് താരങ്ങളോടുള്ള അനീതി കൂടിയാണ്'- അസ്ഹറുദ്ദീൻ വ്യക്തമാക്കി.
'ഉദ്ദേശിച്ച പോലെ കാര്യങ്ങൾ നടക്കുന്നില്ലെങ്കിൽ വ്യത്യസ്തരായ താരങ്ങളെ കളിക്കാനിറക്കണം. മറ്റ് ടീമുകൾ ഇവർക്കെതിരെ കളിക്കാത്തതിനാൽ അതു ടീമിനു ഗുണം ചെയ്യും. ബാറ്റർമാരെ മുംബയ് തയാറാക്കി നിര്‍ത്തി. പക്ഷേ ബൗളിംഗ് യൂണിറ്റ് അങ്ങനെയല്ല. ബുമ്രയെ തന്നെ കൂടുതൽ ആശ്രയിക്കുകയാണ്. അയാളും മനുഷ്യനാണ്, ഒരു പരിധിക്കപ്പുറം സമ്മര്‍ദം കൊടുക്കാനാകില്ല' -അസ്ഹറുദ്ദീൻ കൂട്ടിച്ചേർത്തു.