crisis

കാഠ്‌മണ്ഡു: ചൈനയുടെ സാമ്പത്തിക സഹായം സ്വീകരിച്ച് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടിരിക്കുകയാണ് പാകിസ്ഥാനും ശ്രീലങ്കയും. ഇതിന് പിന്നാലെ ചൈനീസ് സഹായം ആവോളം സ്വീകരിച്ച ഇന്ത്യയുടെ മറ്റൊരു അയൽരാജ്യവും തകർച്ചയെ നേരിടുകയാണ്. നേപ്പാളാണത്. ടൂറിസവും പ്രവാസികളുടെ പണവുമായിരുന്നു രാജ്യത്തെ പ്രധാന വരുമാന മാർഗം. കൊവിഡും റഷ്യ-യുക്രെയിൻ യുദ്ധവും എന്നാൽ ഈ രാജ്യത്തെ തകർത്തു. ഇതോടെ രാജ്യത്തെ വിദേശനാണ്യ കരുതൽ ശേഖരം കുറഞ്ഞു.രാജ്യത്തെ ബാങ്കുകളിൽ ഡോളറിൽ നിക്ഷേപിക്കാൻ പ്രവാസികളോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഇപ്പോൾ സർക്കാർ. എന്നാൽ രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന വാദം ധനമന്ത്രി ജനാർദ്ദൻ ശർമ്മ തള‌ളി.

രാജ്യത്തെ കരുതൽ നിക്ഷേപം 16 ശതമാനം കുറഞ്ഞ് 1.17 ലക്ഷം കോടി നേപ്പാൾ രൂപയായി. ഇന്ത്യയിൽ നിന്നും ഇന്ധനം ഉൾപ്പടെ വേണ്ടതെല്ലാം ഇറക്കുമതി ചെയ്യുന്ന നേപ്പാളിന് ഇത് കേവലം മാസങ്ങൾക്ക് മാത്രമേ തികയൂ. നിലവിൽ ഇന്ധന ഉപഭോഗം കുറയ്ക്കാൻ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി നൽകാൻ ആലോചിക്കുകയാണ് നേപ്പാൾ സർക്കാർ. എന്നാൽ ശ്രീലങ്കയിലേത്പോലെ വരിഞ്ഞുമുറുകുന്ന സാമ്പത്തിക പ്രതിസന്ധി ഇല്ലെന്നാണ് സർക്കാർ വാദം.

വരുമാന മാർഗമായ പെട്രോളിന് സർക്കാർ നാലിരട്ടി വില ഉയർത്തി. ലിറ്ററിന് 150 നേപ്പാൾ രൂപയാണ് പെട്രോൾ വില. ഡീസലിനും മണ്ണെണ്ണയ്‌ക്കും 133 രൂപയാണ്. ഇന്ധന ഉപഭോഗം കുറച്ചില്ലെങ്കിൽ ഉണ്ടാകുന്ന പ്രതിസന്ധി നേരിടാൻ നേപ്പാൾ കേന്ദ്ര ബാങ്കും നേപ്പാൾ ഓയിൽ കോർപറേഷനും നിർദ്ദേശിച്ചതിനാലാണ് സർക്കാർ രണ്ട് ദിവസം അവധി നൽകാൻ ആലോചിക്കുന്നത്. രാജ്യത്തെ കരുതൽ ശേഖരം നിലനിർത്താൻ ആഡംബര വസ്‌തുക്കളും വിലയേറിയ വാഹനങ്ങളും സ്വർണവും ഇറക്കുമതി ചെയ്യുന്നതിന് സർക്കാർ നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്.