yati-narasinghanand

ഷിംല: ഇന്ത്യ ഒരു ഇസ്ലാമിക രാജ്യമാകുന്നത് തടയാൻ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകണമെന്ന് ഹിന്ദുക്കളോട് ആവശ്യപ്പെട്ട് പുരോഹിതൻ യതി നരസിംഹാനന്ദ് സരസ്വതി. പുരോഹിതന്റെ സംഘടനയായ അഖില ഭാരതീയ സന്ദ് പരിഷദ് നടത്തിയ യോഗത്തിലാണ് വിവാദ പ്രസ്താവന നടത്തിയത്. ഹിമാചൽ പ്രദേശിലാണ് സംഘടന പ്രവർത്തിക്കുന്നത്.

ഹരിദ്വാറിൽ വിദ്വേഷപ്രസംഗം നടത്തിയതിന്റെ പേരിൽ അറസ്റ്റിലായ യതി നരസിംഹാനന്ദ് സരസ്വതി ജാമ്യത്തിൽ പുറത്തിറങ്ങിയതിന് പിന്നാലെയാണ് പുതിയ പ്രസ്താവന നടത്തിയത്. വരും ദശകങ്ങളിൽ രാജ്യം ഹിന്ദു രഹിതമായി മാറുന്നത് തടയാൻ കൂടുതൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകണമെന്ന് ഈ മാസമാദ്യം മഥുരയിലും പുരോഹിതൻ ആഹ്വാനം ചെയ്തിരുന്നു. മുസ്‌ലിം ഭൂരിപക്ഷമുള്ള പാകിസ്ഥാൻ പോലെ ഇന്ത്യയും മാറുമെന്നും നരസിംഹാനന്ദ് മുന്നറിയിപ്പ് നൽകി.

ഹിന്ദുക്കൾ ഭൂരിപക്ഷമായതിനാലാണ് ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായി തുടരുന്നത്. എന്നാൽ മുസ്‌ലിംങ്ങൾ ആസൂത്രിതമായി കൂടുതൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി തങ്ങളുടെ വിഭാഗത്തിന്റെ ജനസംഖ്യ വർദ്ധിപ്പിക്കുകയാണ്. അതിനാലാണ് ഹിന്ദുക്കളോട് ഇത്തരത്തിൽ ആഹ്വാനം ചെയ്തതെന്ന് നരസിംഹാനന്ദ് പറഞ്ഞു. ഹിമാചലിലെ ഉനാ ജില്ലയിൽ നടക്കുന്ന ത്രിദിന ധരം സൻസദ് യോഗത്തിന്റെ ആദ്യദിനമായ ഇന്നലെയാണ് പുരോഹിതൻ നിർദേശം നൽകിയത്.

ഇന്ത്യയിൽ ഒരു മുസ്‌ലിം പ്രധാനമന്ത്രിയായി ചുമതലയേൽക്കുകയാണെങ്കിൽ 20 വർഷത്തിനുള്ളിൽ രാജ്യത്തെ 50 ശതമാനം ഹിന്ദുക്കളും മതം മാറുമെന്നും തങ്ങളുടെ നിലനിൽപ്പിന് വേണ്ടി പോരാടാൻ ആയുധമെടുക്കണമെന്നും കഴിഞ്ഞ ദിവസങ്ങളിൽ നരസിംഹാനന്ദ് ഡൽഹിയിൽ ആഹ്വാനം ചെയ്തിരുന്നു.

മതവിദ്വേഷം പ്രചരിപ്പിക്കുന്ന രീതിയിൽ ആഹ്വാനങ്ങൾ നടത്തരുതെന്ന് യതി നരസിംഹാനന്ദിന് ഹിമാചൽ പ്രദേശ് പൊലീസ് നരസിംഹാനന്ദിന് നോട്ടീസ് നൽകിയിരുന്നു. നിർദേശം ലംഘിച്ചാൽ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചിരുന്നു.