buldozer

ന്യൂഡൽഹി: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രിമിനൽ കേസുകളിൽ സംശയിക്കപ്പെടുന്നവരുടെ വീടുകൾ മണ്ണുമാന്തി ഉപയോഗിച്ച് തകർക്കുന്ന നടപടിക്കെതിരെ കോടതി നിർദ്ദേശം നൽകണമെന്ന് ആവശ്യവുമായി മതസംഘടന. ജാമിയത് ഉലമ-ഇ-ഹിന്ദ് ആണ് സുപ്രീംകോടതിയിൽ ഹർജി നൽകിയതായി ട്വീറ്റ് ചെയ്‌തത്. ആക്രമണങ്ങളിലും ക്രിമിനൽ കേസിലും പെട്ടവരുടെ വീടുകൾ മണ്ണുമാന്തി ഉപയോഗിച്ച് തകർക്കുന്ന രീതി ആദ്യം ആരംഭിച്ചത് യുപിയിലാണ്. പിന്നീട് മദ്ധ്യപ്രദേശ്, ഗുജറാത്ത് സർക്കാരുകളും ഇത്തരത്തിൽ നടപടികൾ തുടങ്ങി.

ക്രിമിനൽ കേസിൽ പെട്ടവരുടെ വീട് പൊളിക്കാൻ പാടില്ലെന്ന് കേന്ദ്ര സർക്കാരിനോടും വിവിധ സംസ്ഥാന സർക്കാരുകളോടും നിർദ്ദേശിക്കണമെന്നാണ് കോടതിയിൽ സംഘടന ആവശ്യപ്പെട്ടത്. സംഘടന പ്രസിഡൻറ് അർഷദ് മദനിയാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ബുൾഡോസർ രാഷ്‌ട്രീയം ന്യൂനപക്ഷങ്ങൾക്കെതിരെ പ്രത്യേകിച്ച് മുസ്ളീങ്ങൾക്കെതിരെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രയോഗിക്കുന്നതായാണ് അർഷദ് മദനി പറയുന്നത്. മുഖ്യമന്ത്രിമാരും മന്ത്രിമാരും ഈ നടപടിയെടുത്ത് ന്യൂനപക്ഷങ്ങളുടെ വീട് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഹർജിയിലുണ്ട്. ക്രിമിനൽ കോടതി ഇത്തരത്തിൽ കേസുകളിൽ നടപടി നിശ്ചയിക്കുന്നത് വരെ ഇത്തരം ജനപ്രതിനിധികളോ ഉദ്യോഗസ്ഥരോ നടപടിയെടുക്കുന്നത് തടയണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്.