
ബേൺ: സ്വിറ്റ്സർലൻഡിൽ സ്വയംഭോഗം ചെയ്യുന്നതിനിടെ യുവാവിന്റെ ശ്വാസകോശഭിത്തി പിളർന്നു. സ്വയംഭോഗത്തിനിടെ പെട്ടന്ന് നെഞ്ചുവേദനയും തുടർന്ന് ശ്വാസതടസവും അനുഭവപ്പെട്ട ഇയാളെ പെട്ടന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചതിനാൽ രക്ഷപ്പെടുത്താനായി. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ഇയാൾ അപകടനില തരണം ചെയ്യുകയും നാലു ദിവസത്തിനു ശേഷം ആശുപത്രി വിടുകയും ചെയ്തു. 20 വയസ്സുള്ള ഈ യുവാവിന് പണ്ടു മുതലേ ആസ്തമ ഉണ്ടായിരുന്നതായി വീട്ടുകാർ അറിയിച്ചു.
ആശുപത്രിയിൽ എത്തിച്ച രോഗിയുടെ മുഖം പെട്ടന്ന് വീർത്തതായും ശ്വാസം എടുക്കുമ്പോൾ ഉള്ളിൽ നിന്ന് പേപ്പർ കീറുന്നത് പോലെയുള്ള എന്തോ ശബ്ദം കേൾക്കുന്നതായും ഡോക്ടർമാർ മനസ്സിലാക്കി. ഇതിനെ തുടർന്ന് രോഗിയുടെ നെഞ്ചിന്റെ എക്സ് റേ എടുക്കാൻ ഡോക്ടർമാർ നിർദേശിച്ചു. എക്സ് റേയിൽ നിന്നും ഇയാൾക്ക് ന്യുമോമെഡിയാസ്റ്റിനം എന്ന അപൂർവ അവസ്ഥയാണെന്ന് കണ്ടെത്തി.
ശ്വാസകോശ അറകളിലൂടെ കടന്നു പോകേണ്ട വായു, അറകളുടെ വെളിയിൽ രണ്ട് ശ്വാസകോശങ്ങൾക്കും ഇടയിലുള്ള ഭാഗത്തേക്ക് കടക്കുന്ന അവസ്ഥയാണിത്. ശ്വാസകോശത്തിനുള്ളിലെ അറകൾക്ക് കേടുപാടുകൾ കാരണം വിള്ളൽ ഉണ്ടാകുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണം. ശ്വാസകോശത്തിനോ അന്നനാളത്തിനോ ഉണ്ടാകുന്ന ആഘാതമാണ് ഈ അവസ്ഥയിലേക്ക് നയിക്കുന്നത്. നെഞ്ചിലെ അറയ്ക്കുള്ളിലെ മർദ്ദം ക്രമാതീതമായി വർദ്ധിക്കുന്നതും ഈ അവസ്ഥയ്ക്ക് കാരണമായി തീരാം. ഇങ്ങനെ മർദ്ദം ഉയരുന്നത് ശ്വാസകോശ ഭിത്തികളിൽ വിള്ളലുണ്ടാക്കും. ഇങ്ങനെയും ന്യുമോമെഡിയാസ്റ്റിനം ഉണ്ടാവാം.
ഇത്തരത്തിലുള്ള പരിക്കുകൾ യുവാക്കളിൽ സംഭവിക്കാനുള്ള സാദ്ധ്യത ഏറെയാണെന്നാണ് ഡോക്ടർമാർ പറയുന്നത്. ആസ്തമയുള്ളവരിലും കഠിനമായി വ്യായാമം ചെയ്യുന്നവരിലുമാണ് ഇതിന് സാദ്ധ്യത കൂടുതൽ. എന്നാൽ സ്വയംഭോഗത്തിനിടെ ശ്വാസകോശത്തിന് ക്ഷതം സംഭവിക്കുന്നത് ഇത് ആദ്യമായാണെന്നാണ് ഡോക്ടർമാർ പറയുന്നത്.