pinarayi-chennithala

തിരുവനന്തപുരം: മുഖ്യമന്ത്രിയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല. പാലക്കാട് കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം.

രണ്ട് വര്‍ഗീയ ശക്തികളുടെ കൈകളിലും വാള്‍ കൊടുത്തിട്ട് ഇപ്പോഴത്തെ ട്രെന്റ് പോലെ 'ചാമ്പിക്കോ' എന്നുപറയുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്. ഇതാണ് കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ദ്ധിക്കാനുള്ള കാരണം. പിണറായി വിജയന്‍ മുഖ്യമന്ത്രിയായതിനു ശേഷം അമ്പതിലേറെ രാഷ്ട്രീയ കൊലപാതകങ്ങളാണ് സംസ്ഥാനത്തുണ്ടായതെന്നും ചെന്നിത്തല പറഞ്ഞു.

'ആലപ്പുഴയില്‍ നടന്ന കൊലപാതക പരമ്പരകളുടെ രീതിയാണ് പാലക്കാടും ഉണ്ടായത്. കേരള പൊലീസ് ഇതില്‍ നിന്നൊന്നും പാഠം പഠിക്കാന്‍ തയ്യാറാവുന്നില്ല. കേരളം ചോരക്കളിയുടെ നാടായി മാറിക്കഴിഞ്ഞു. വര്‍ഗീയത പ്രോത്സാഹിപ്പിച്ച ചരിത്രമാണ് കേരളത്തിലെ സിപിഎമ്മിനുള്ളത്.

പൊലീസ് വിചാരിച്ചാല്‍ അക്രമങ്ങൾ തടയാന്‍ പറ്റില്ലെന്നാണ് ഒരു മന്ത്രി പറഞ്ഞത്. ഇതാണ് സംസ്ഥാന ഭരണത്തിന്റെ യഥാര്‍ത്ഥ സ്ഥിതി. രാവിലെ എഴുന്നേറ്റാല്‍ മുറ്റത്ത് രക്തം കാണുന്ന നിലയിലേക്ക് കേരളം മാറുകയാണ്'- ചെന്നിത്തല ചൂണ്ടിക്കാട്ടി. ഈ അക്രമങ്ങളുടെയൊന്നും ഉത്തരവാദിത്വം സര്‍ക്കാരിനും പൊലീസിനും ആഭ്യന്തരവകുപ്പിനും ഇല്ലേയെന്നും അദ്ദേഹം ചോദിച്ചു.

അക്രമങ്ങളെ ഇല്ലായ്‌മ ചെയ്യാൻ പൊലീസും സർക്കാരും മാത്രം വിചാരിച്ചാൽ സാധിക്കില്ലെന്ന് മന്ത്രി എം വി ഗോവിന്ദൻ നേരത്തെ പറഞ്ഞിരുന്നു. ഇതിനെതിരെയായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.