
കഴിഞ്ഞ ഏപ്രിൽ പതിനാലിനായിരുന്നു ആലിയ ഭട്ടിന്റെയും രൺബീറിന്റെയും വിവാഹം. ആരാധകർ ഏറെ കാത്തിരുന്ന താരവിവാഹമായിരുന്നു ഇവരുടേത്. വിവാഹത്തിന് ബോളിവുഡ് സുന്ദരി ഏത് വസ്ത്രം ധരിക്കുമെന്നായിരുന്നു ഫാഷൻ ലോകം ഉറ്റുനോക്കിക്കൊണ്ടിരുന്നത്. സാധാരണയായി ഭട്ട്, കപൂർ കുടുംബങ്ങൾ പാരമ്പര്യത്തിന് വലിയ പ്രാധാന്യം നൽകുന്നവരാണ്. വിവാഹ വസ്ത്രം ഒരുക്കുന്നത് സബ്യസാചിയയതുകൊണ്ടുതന്നെ ചുവപ്പ് ലെഹംഗയായിരിക്കുമെന്നായിരുന്നു ഏവരും കരുതിയിരുന്നത്.
നടിമാരുടെ വിവാഹത്തിനായി സബ്യസാചി ഒരുക്കുന്നതിൽ അധികവും ചുവന്ന ലെഹംഗയായിരുന്നു. എന്നാൽ ഗോൾഡൻ എംബ്രോയ്ഡറിയുള്ള ഐവറി ഓർഗൻസ സാരിയിൽ അതീവ സുന്ദരിയായിട്ടാണ് ആലിയ എത്തിയത്. ചിത്രശലഭം, ചെടികൾ, പൂക്കൾ എന്നീ ഡിസൈനുകളായിരുന്നു സാരിയുടെയും ബ്ലൗസിന്റെയും മുഖ്യ ആകർഷണം. കൈകൊണ്ട് നെയ്‌തെടുത്ത ടിഷ്യൂ വെയ്ൽ പെയർ ചെയ്തിട്ടുണ്ട്. ആക്സസറിസായി സബ്യസാചി ഹെറിട്ടേജ് ജ്വല്ലറിയിൽ നിന്നുള്ള ആഭരണങ്ങളാണ് തിരഞ്ഞെടുത്തത്.
അൺകട്ട് ഡയമണ്ടും മുത്തുകളുമുള്ള ആഭരണങ്ങളാണ് നടി അണിഞ്ഞിരിക്കുന്നത്. ആലിയയുടെ വസ്ത്രത്തിന് അനുയോജ്യമായ ഐവറി സിൽക്ക് ഷെർവാണിയാണ് രൺബീർ ധരിച്ചത്. ഏഴു ലെയറുകളുള്ള പേൾ നെക്‌ലേസ് ആക്സസറൈസ് ചെയ്തിരുന്നു.പുനീത് സൈനിയാണ് വധുവരന്മാരെ ഒരുക്കിയത്.