sunset

നമ്മുടെ നാട്ടിൽ പണ്ട് മുതലേ ഭക്ഷണവുമായി ബന്ധപ്പെട്ട നിരവധി വിശ്വാസങ്ങളുണ്ട്. സൂര്യാസ്തമയം കഴിഞ്ഞാൽ ഭക്ഷണം കഴിക്കരുത്, നിലത്തിരുന്ന് കഴിക്കണം, വാഴയിലയിൽ കഴിക്കണം തുടങ്ങിയ നിരവധി കാര്യങ്ങൾ മുതിർന്നവർ പറയുന്നത് നമ്മൾ കേട്ടിട്ടുണ്ട്. ഇപ്പോഴത്തെ കാലത്ത് അപ്രസക്തമാണെന്ന് തോന്നുമെങ്കിലും ശാസ്ത്രീയമായി പരിശോധിക്കുമ്പോൾ ഇവ നമ്മുടെ ആരോഗ്യ സംരക്ഷണത്തിൽ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇങ്ങനെ ആരോഗ്യം സംരക്ഷിക്കുന്ന ചില ഭക്ഷണരീതികൾ അറിയാം.

1. സൂര്യാസ്തമയത്തിന് ശേഷം ഭക്ഷണം കഴിക്കരുത്

പണ്ടുകാലത്ത് വൈദ്യുതി ഇല്ലായിരുന്നു. അതിനാൽ രാത്രി കഴിക്കുമ്പോൾ പ്രാണികൾ ഭക്ഷണത്തിലേയ്ക്ക് വീഴുന്നത് പതിവായിരുന്നു. ഇത് ഒഴിവാക്കുക എന്ന ഉദ്ദേശത്തോടെയാണ് പണ്ടുകാലത്തെ ജനങ്ങൾ സൂര്യാസ്തമയത്തിന് ശേഷം ഭക്ഷണം കഴിക്കരുതെന്ന് പറയുന്നത്. എന്നാൽ ഇപ്പോഴത്തെ കാലത്തും ഇതിന് പ്രസക്തിയുണ്ട്. ഇത് നമ്മുടെ ശരീരത്തിന് ദഹനം നടത്താനും വിശ്രമിക്കാനുമുള്ല സമയം നൽകുന്നു. അതുപോലെ അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുവാനും സഹായിക്കുന്നു.

2. വാഴയിലയിൽ ഭക്ഷണം വിളമ്പുക

വാഴയിലയിൽ ധാരാളം പോളിഫെനോൾ അടങ്ങിയിട്ടുണ്ട്. ഇതിന് കാൻസർ പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്. ഒപ്പം ഭക്ഷണത്തിന്റെ മണവും രുചിയും വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ പരിസ്ഥിതിക്ക് ദോഷം വരുത്താത്തതുമാണ്.

3. നിലത്തിരുന്ന് ഭക്ഷണം കഴിക്കുക

ഒരാൾ നിലത്തിരിക്കുമ്പോൾ കസേരയിൽ ഇരിക്കുന്നതിനെ അപേക്ഷിച്ച് അയാളുടെ ഹൃദയത്തിലേയ്ക്കുള്ള രക്തയോട്ടം വർദ്ധിക്കുന്നു. ഇത് ദഹനം നല്ലരീതിയിൽ നടക്കുന്നതിന് സഹായിക്കുന്നു. നിലത്തിരിക്കുമ്പോൾ പേശികൾ പ്രവർത്തിക്കുന്നു. കൂടാതെ നിലത്തിരിക്കുമ്പോൾ തലച്ചോറിനെയും ആമാശയത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന വാഗസ് നാഡി ശരിയായി പ്രവർത്തിക്കുകയും ഇതിലൂടെ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും ശരീരഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.