mask

ന്യൂഡൽഹി: കൊവിഡ് വ്യാപനം വീണ്ടും വർദ്ധിച്ചതോടെ ഡൽഹിയ്‌ക്ക് സമീപമുള‌ള ആറ് ജില്ലകളിലും സംസ്ഥാന തലസ്ഥാനമായ ലക്‌നൗവിലും പൊതുസ്ഥലത്ത് മാസ്‌ക് നിർബന്ധമാക്കി ഉത്തർ പ്രദേശ് സർക്കാർ. ഇന്ന്മുതലാണ് നിയന്ത്രണം തിരികെകൊണ്ടുവന്നത്. ദേശീയ തലസ്ഥാനത്തിന് സമീപത്തുള‌ള പ്രദേശങ്ങളിൽ ഡൽഹിയിലെ കൊവിഡ് വ്യാപനത്തെ തുടർന്ന് രോഗികളുടെ എണ്ണം വർദ്ധിക്കുമെന്ന് ഉറപ്പാണ്. ഇത് മുന്നിൽ കണ്ടാണ് ഗൗതം ബുദ്ധ് നഗർ, ഗാസിയാബാദ്, ഹാപുർ, മീറ‌റ്റ്, ബുലന്ദ്ഷഹർ, ബാഗ്‌പത്ത് എന്നിവിടങ്ങളിലും ലക്‌നൗവിലുമാണ് നിയന്ത്രണമുള‌ളത്. ഏപ്രിൽ ഒന്നിനാണ് യുപിയിൽ മാസ്‌ക് നിയന്ത്രണം മുൻപ് പൂർണമായി പിൻവലിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഗൗതം ബുദ്ധ് നഗറിൽ 65, ഗാസിയാബാദിൽ 20, ലക്‌നൗവിൽ 10 വീതം പുതിയ കേസുകൾ റിപ്പോ‌ർട്ട് ചെയ്‌തതോടെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിറക്കിയത്. സ്ഥിതിഗതികൾ സർക്കാർ സൂക്ഷ്‌മമായി നിരീക്ഷിക്കുകയാണ്. ഡൽഹിയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ വർദ്ധനയുണ്ടെങ്കിലും ഒഡീഷയിൽ രോഗം നിയന്ത്രണവിധേയമാണെന്ന് ആരോഗ്യവകുപ്പ് പ്രതികരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2183 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്. ഇതിൽ 517 കേസുകളും ഡൽഹിയിലായിരുന്നു. ടിപിആർ 5 ശതമാനമായിരുന്നു. രാജ്യത്ത് കൊവിഡ് മരണവും വർദ്ധിക്കുന്നതിൽ ആരോഗ്യ വകുപ്പ് ആശങ്ക അറിയിച്ചിരുന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 214 കൊവിഡ് മരണങ്ങളാണുണ്ടായത്. ഇതിൽ 62ഉം കേരളത്തിലായിരുന്നു.