
മലയാളി ആസ്വാദകർ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് നായകനായി എത്തുന്ന ആടുജീവിതം. ബ്ലെസി ഒരുക്കുന്ന ഈ ചിത്രം കൊവിഡ് മൂലം ഒരുപാട് കാലം മുടങ്ങിപ്പോയതാണ്. ഇപ്പോൾ വീണ്ടും ആടുജീവിതത്തിന്റെ ചിത്രീകരണം പുനരാരംഭിച്ചിട്ടുണ്ട്.
സഹാറ മരുഭൂമിയിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്. ആടുജീവിതത്തിന്റെ ലൊക്കേഷനിൽ നിന്ന് പൃഥ്വിരാജ് പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം ശ്രദ്ധ നേടാറുണ്ട്. ഏറ്റവുമൊടുവിലായി കെജിഎഫിലെ പ്രശസ്തമായ ഡയലോഗിനൊപ്പമാണ് താരം പുതിയ ചിത്രം പങ്കുവച്ചിരിക്കുന്നത്.
കെജിഎഫ് 2 വിലെ ‘വയലൻസ്, വയലൻസ്, വയലൻസ്’ എന്ന ഡയലോഗിന്റെ പാരഡിയായി ‘നൈറ്റ് ഷൂട്ട്, നൈറ്റ് ഷൂട്ട്, നൈറ്റ് ഷൂട്ട് എന്നാണ് പൃഥ്വിയുടെ ക്യാപ്ഷൻ. എനിക്ക് നൈറ്റ് ഷൂട്ട് ഇഷ്ടമല്ല. ഞാനത് ഒഴിവാക്കും, പക്ഷേ മിസ്റ്റർ ബ്ലെസിക്ക് നൈറ്റ് ഷൂട്ട് ഇഷ്ടമാണ്. അതുകൊണ്ട് എനിക്ക് ഒഴിവാക്കാനാവില്ലെന്ന് പൃഥ്വി കുറിച്ചു. നല്ല തണുപ്പുള്ള കാലാവസ്ഥയാണ് സഹാറ മരുഭൂമിയിലെന്നും താരം കൂട്ടിച്ചേർത്തു.
ഒന്നരമാസത്തോളം സഹാറ മരുഭൂമിയിൽ ആടുജീവിതത്തിന്റെ ഷൂട്ടിംഗ് ഉണ്ട്. ബെന്യാമിന്റെ പ്രശസ്ത നോവലായ ആടുജീവിതത്തിന്റെ ചലച്ചിത്രാവിഷ്കാരമാണിത്.