
ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയങ്കരിയായ നസ്‌റിയ നസീം സിനിമയിലേക്ക് തിരിച്ചെത്തുന്നു. തെലുങ്ക് സൂപ്പർതാരം നാനി നായകനായെത്തുന്ന ചിത്രത്തിലൂടെയാണ് രണ്ട് വർഷത്തിന് ശേഷം താരം തിരിച്ചെത്തുന്നത്.
മൂന്ന് ഭാഷകളിലായി എത്തുന്ന ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ പേര് 'ആഹാ സുന്ദരാ' എന്നാണ്. വിവേക് ആത്രേയ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം നിർമിക്കുന്നത് നവീൻ യെർനേനിയും രവി ശങ്കറുമാണ്. ഫഹദ് ഫാസിൽ ചിത്രം ട്രാൻസ്, ജേക്കബ് ഗ്രിഗറി ചിത്രം മണിയറയിലെ അശോകൻ എന്നീ ചിത്രങ്ങളായിരുന്നു താരം അവസാനമായി അഭിനയിച്ചത്. നസ്‌റിയ തന്നെയാണ് തന്റെ തിരിച്ചുവരവ് ആരാധകരെ അറിയിച്ചത്. ചിത്രത്തിന്റെ ടീസർ ഉടൻ പുറത്തിറങ്ങുമെന്നാണ് താരം പോസ്റ്ററിനൊപ്പം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്.
രണ്ടു വർഷമായി സിനിമയിൽ സജീവമല്ലെങ്കിലും തന്റെ വിശേഷങ്ങളെല്ലാം സമൂഹമാദ്ധ്യമങ്ങളിലൂടെ താരം ആരാധകരോട് പങ്കുവയ്ക്കാറുണ്ട്.