
മംഗളൂരു: മംഗളൂരു ബജ്‌പെയിലെ സ്‌പെഷ്യൽ ഇക്കണോമിക് സോണിലെ മത്സ്യസംസ്‌കരണശാലയിൽ വിഷവാതകം ശ്വസിച്ച് അഞ്ച് തൊഴിലാളികൾ മരിച്ചു. മൂന്നുപേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗാൾ സ്വദേശികളായ ഒമർ ഫാറൂഖ്, നിജാമുദീൻ, ഷറഫാത്ത് അലി, സമീറുള്ള ഇസ്ലാം, മിർസുൽ ഇസ്ലാം എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച രാത്രി വൈകിയാണ് സംഭവം. മത്സ്യമാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ സമീറുള്ള കുഴഞ്ഞു വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്നവർ സമീറുള്ളയെ രക്ഷിക്കാനെത്തിയെങ്കിലും അവരും വിഷവാതകം ശ്വസിച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും അഞ്ചുപേർ മരിച്ചു.
സംഭവത്തിൽ ഫാക്ടറി മാനേജരെ പൊലീസ് കസ്റ്റഡിയിലെടുത്തു.