amway-india

ന്യൂഡൽഹി: പണം തിരിമറി സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി മൾട്ടി ലെവൽ മാർക്കറ്റിംഗ് (എം.എൽ.എം)​ കമ്പനിയായ ആംവേ ഇന്ത്യ എന്റർപ്രൈസസ് ലിമിറ്റഡിന്റെ 758 കോടി രൂപയുടെ ആസ്‌തികൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.

36 ബാങ്ക് അക്കൗണ്ടുകളിലായുള്ള 345.94 കോടി രൂപ, തമിഴ്നാട് ഡിണ്ടിഗൽ ജില്ലയിലെ ഭൂമി,​ ഫാക്‌ടറി, മെഷീനറികൾ,​ വാഹനങ്ങൾ,​ ബാങ്ക് അക്കൗണ്ടുകൾ,​ സ്ഥിര നിക്ഷേപങ്ങൾ എന്നിവയാണ് കണ്ടുകെട്ടിയത്.

ഉത്‌പന്നങ്ങൾ വിപണിയിലുള്ളതിനേക്കാൾ അമിത വിലയ്ക്ക് വിറ്റഴിച്ച് കമ്പനിയുടെ പ്രമോട്ടർമാർ 'ആഡംബര ജീവിതം" നയിക്കുകയായിരുന്നുവെന്ന് ഇ.ഡി പറഞ്ഞു.

ഉത്‌പന്നങ്ങൾ വിറ്റഴിക്കാനല്ല, എങ്ങനെ അതിവേഗം സമ്പന്നരാകാമെന്ന പ്രചാരണമാണ് കമ്പനി നടത്തിയിരുന്നതെന്നും ഇ.ഡി ആരോപിച്ചു. 2002- 2022 കാലയളവിൽ ആംവേ ഇന്ത്യ 27,562 കോടി രൂപ സമാഹരിച്ചു. ഇക്കാലയളവിൽ വിതരണക്കാർക്കും ശൃംഖലയിലെ അംഗങ്ങൾക്കും കമ്മിഷനായി നൽകിയത് 7,588 കോടി രൂപയാണെന്നും ഇ.ഡി കണ്ടെത്തി.

അന്വേഷണവുമായി സഹകരിക്കും: ആംവേ

നിയമ പ്രകാരമാണ് കമ്പനിയുടെ പ്രവർത്തനമെന്നും വിഷയം കോടതിയുടെ പരിഗണനയിൽ ആയതിനാൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും ആംവേ ഇന്ത്യ വ്യക്തമാക്കി.