
ആലപ്പുഴ: വിദേശമദ്യശാലയിൽ വരി നിൽക്കുന്നതിനിടെ മദ്യം വാങ്ങിച്ചു നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ചതായി വൃദ്ധന്റെ പരാതി. മദ്യ വിൽപനശാലയ്ക്ക് മുന്നിൽ വരി നിൽക്കുകയായിരുന്ന തന്റെ പക്കൽ നിന്നും പണം വാങ്ങിയശേഷമാണ് കട്ടൻചായ നിറച്ച കുപ്പികൾ കൈമാറിയതെന്ന് പരാതിയിൽ പറയുന്നു.
കഴിഞ്ഞ വ്യാഴാഴ്ച കായംകുളത്ത് വച്ചാണ് സംഭവം. കായംകുളത്ത് കൃഷ്ണപുരത്ത് പൈപ്പ് പണിക്കായി എത്തിയ തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ വൃദ്ധനാണ് കബളിപ്പിക്കപ്പെട്ടത്. മദ്യവില്പനശാലയ്ക്ക് മുന്നിൽ നീണ്ട വരിയായിരുന്നെന്നും ഈയവസരത്തിലാണ് വരി നിൽക്കാതെ കുപ്പി സംഘടിപ്പിച്ചുതരാം എന്ന് പറഞ്ഞ് ഒരാൾ സമീപിക്കുന്നതെന്നും വൃദ്ധന്റെ പരാതിയിൽ പറയുന്നു.
മൂന്ന് കുപ്പി മദ്യത്തിന് 1200 രൂപയാണ് വാങ്ങിയതെന്നും എന്നാൽ പണിസ്ഥലത്തെത്തി പൊട്ടിച്ചുനോക്കിയപ്പോഴാണ് കുപ്പിക്കുള്ളിൽ കട്ടൻചായയാണെന്ന് മനസിലായതെന്നും വൃദ്ധൻ പരാതിയിൽ പറയുന്നു.