jj

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഹാക്കര്‍ സായ് ശങ്കറിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ;ചോദ്യം ചെയ്യൽ രണ്ടര മണിക്കൂർ നീണ്ടുനിന്നു. അന്വേഷണ സംഘത്തിന്റെ കൈയുലുള്ള ദിലീപിന്റെ മൊബൈല്‍ ഫോണിൽ നിന്നും സായ് ശങ്കർ എട്ട് ചാറ്റുകള്‍ വീണ്ടെടുത്ത് നൽകിയതായാണ് റിപ്പോർട്ട്. മാസ്‌ക് ചെയ്ത ഫോട്ടോ അണ്‍മാസ്‌ക് ചെയ്തുകൊടുക്കുകയും ചെയ്തിട്ടുണ്ട്.

വീണ്ടെടുത്ത് കൊടുത്ത എട്ട് ചാറ്റുകളില്‍ ഒരു ചാറ്റ് ഒരു ഫോറന്‍സിക് ഉദ്യോഗസ്ഥയും ദിലീപും തമ്മിലുള്ളതാണെന്നാണ് വിവരം.

അതേസമയം നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണം എന്ന നടന്‍ ദീലീപിന്റെ ഹര്‍ജിയില്‍ നാളെ വിധി പറയും. ഉച്ചയ്ക്ക് 1.45 നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഹര്‍ജിയില്‍ വിധി പറയുക. കേസ് റദ്ദാക്കുകയോ അല്ലെങ്കില്‍ അന്വേഷണം സി.ബി.ഐക്ക് വിടണമെന്നും ആണ് ദിലീപിന്റെ ആവശ്യം.

ഡിവൈ.എസ്.പി ബൈജു പൗലോസ്, നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ എന്നിവര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് ദിലീപ് കോടതിയില്‍ ഉയര്‍ത്തിയ വാദം.