
മലപ്പുറം: സന്തോഷ് ട്രോഫിയിൽ ആരും കാത്തിരിക്കുന്ന മത്സരമാണ് പരമ്പരാഗത ശക്തികളായ കേരളവും ബംഗാളും തമ്മിലുള്ള പോരാട്ടം.പ്രതീക്ഷിച്ചതു പോലെ 22000 മേലെ കാണികൾ സ്റ്റേഡിയത്തിലും പതിനാറായിരത്തിന് അടുത്ത് ആരാധകർ ഓൺലൈനായും മത്സരം കണ്ടെന്നാണ് കണക്കുകൾ കാണിക്കുന്നത്. ഇന്ന് വൈകിട്ട് പെയ്ത മഴയിൽ മത്സരം നടന്ന പയ്യനാട് സ്റ്റേഡിയത്തിലെ കളിക്കളം ഈർപ്പത്തിൽ പൊതിഞ്ഞത് കളിയേയും ബാധിച്ചു. ഇരുടീമിലെയും താരങ്ങൾ ഗ്രൗണ്ടിൽ ഗ്രിപ്പ് കിട്ടാതെ വിഷമിക്കുന്നത് പലപ്പോഴും കാണാമായിരുന്നു.
ആദ്യ പകുതിയിൽ ഇരുടീമുകളും ഗോളുകൾ ഒന്നും സ്കോർ ചെയ്തില്ല. അതിന്റെ പ്രധാന കാരണം ഗ്രൗണ്ടിന്റെ മോശം അവസ്ഥയായിരുന്നു. ഫ്രീകിക്ക് എടുത്ത ശേഷം കളിക്കാരൻ ഗ്രൗണ്ടിൽ വീഴുന്നത് ഇന്നത്തെ മത്സരത്തിന്റെ പതിവ് കാഴ്ചയായിരുന്നു.
കളിയിലെ ഈ വിരസതയകറ്റാൻ ഗാലറിയിൽ നിന്നുള്ള കാണികളുടെ കമന്റുകൾ വലിയൊരു പങ്കാണ് വഹിച്ചത്. ഫുട്ബാളിനെ നെഞ്ചോട് ചേർത്തുവയ്ക്കുന്ന മലപ്പുറത്തെ ഫുട്ബാൾ പ്രേമികൾ ഗാലറിയിൽ ഇരുന്ന് അടിക്കുന്ന കമന്റുകൾ പലതും വൈറലാകാറുണ്ട്. എന്നാൽ അതിൽ ഭൂരിപക്ഷവും ഫുട്ബാളുമായി ബന്ധപ്പെട്ടതാകും. എന്നാൽ ഇന്നലെ ഒരു വിതുതൻ മത്സരത്തിനിടെ വിളിച്ചുപറഞ്ഞത്. ഫേസ്ബുക്ക് ലൈവ് ചെയ്യുകയായിരുന്ന ക്യാമറയിലും ഇദ്ദേഹത്തിന്റെ ശബ്ദം പതിഞ്ഞു. 'ബംഗാളികളെ തോല്പിക്കല്ലെ, നാളെ കോൺക്രീറ്റ് ഇടാൻ ആളെ കിട്ടില്ല' എന്നായിരുന്നു ഇദ്ദേഹത്തിന്റെ കമന്റ്. ഇയാൾ ഇത് ഉറക്കെ വിളിച്ചു പറയുമ്പോൾ കമന്റേറ്റർ നിശബ്ദനായിരുന്നത് കാരണം വ്യക്തമായി കേൾക്കാനും സാധിച്ചു.