
രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം
കൊൽക്കത്തയെ 7 റൺസിന് കീഴടക്കി
ചഹലിന് ഹാട്രിക്ക് ഉൾപ്പെടെ 5 വിക്കറ്റ്
ബട്ട്‌ലർക്ക് വീണ്ടും സെഞ്ച്വറി
മുംബയ്: ഹാട്രിക്കുൾപ്പെടെ 5 വിക്കറ്റ് വീഴ്ത്തിയ യൂസ്‌വേന്ദ്ര ചഹലിന്റേയും സീസണിലെ രണ്ടാം സെഞ്ച്വറിയുമായി വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവച്ച ഇംഗ്ലീഷ് ഓപ്പണർ ജോസ്‌ബട്ട്‌ലറുടേയും മികവിൽ ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 7 റൺസിന്റെ നാടകീയ ജയം നേടി. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 217 റൺസ് നേടി. മറുപടിക്കിറങ്ങിയ കൊൽക്കത്ത നന്നായി പൊരുതിയെങ്കിലും 19.4 ഓവറിൽ 210 റൺസിന് അവൾ ഓൾഔട്ടായി. അവസാന ഓവറിൽ 2 വിക്കറ്റ് കൈയിലിരിക്കേ11 റൺസാണ് കൊൽക്കത്തയ്ക്ക് ജയിക്കാൻ ആവശ്യമായിരുന്നത്. ആദ്യ ഐ.പി.എൽ മത്സരം കളിക്കുന്ന ഒബെദ് മക്‌കോയ് ആയിരുന്നു ബൗളർ. രണ്ടാം പന്തിൽ ഷെൽഡൺ ജാക്സണേയും (8), നാലാം പന്തിൽ ഉമേഷ് യാദവിനേയും പുറത്താക്കി മക്‌കോയ് രാജസ്ഥാന്റെ വിജയം ഉറപ്പിക്കുകയായിരുന്നു. 16 ഓവർ അവസാനിക്കുമ്പോൾ 178/4 എന്ന നിലയിലായിരുന്ന കൊൽക്കത്തയെ 17-ാം ഓവറിൽ ഹാട്രിക്കുൾപ്പെടെ നാല് വിക്കറ്റ് വീഴ്ത്തി ചഹൽ പരാജയ വഴിയിലേക്ക് തള്ളിയിടുകയായിരുന്നു. വെങ്കിടേഷ് അയ്യരെ രണ്ടാം പന്തിൽ പുറത്താക്കിയ ചഹൽ 4-ാം പന്തിൽ 51 പന്ത് നേരിട്ട് 85 റൺസ് നേടി മികച്ച ഫോമിലായിരുന്ന കൊൽക്കത്ത ക്യാപ്ടൻ ശ്രേയസ് അയ്യരെ വിക്കറ്റിന് മുന്നിൽ കുടുക്കി.7 ഫോറും 4 സിക്സും ശ്രേയസ് നേടി. അടുത്ത രണ്ട് പന്തുകളിൽ യഥാക്രമം ശിവം മവിയേയും പാറ്റ് കമ്മിൻസിനേയും മടക്കിയാണ് ചഹൽ ഹാട്രിക്ക് തികച്ചത്.17 ഓവർ അവസാനിക്കുമ്പോൾ 180/8 എന്ന നിലയിലായി കൊൽക്കത്ത.ആരോൺ ഫിഞ്ച് (28 പന്തിൽ 58), ഉമേഷ് യാദവ് (9 പന്തിൽ 21) എന്നിവരും കൊൽക്കത്ത നിരയിൽ തിളങ്ങി.
സീസണിലെ രണ്ടാം സെഞ്ച്വറി നേടിയ ഇംഗ്ലീഷ് ഓപ്പണർ ജോസ് ബട്ട്ലറുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ പിൻബലത്തിൽ ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ
61 പന്തിൽ 9 ഫോറും 5 സിക്സും ഉൾപ്പെടെ 103 റൺസാണ് ബട്ട്ലർ അടിച്ചെടുത്തത്. ഒന്നാം വിക്കറ്റിൽ ദേവ്ദത്ത് പടിക്കലുമായി (18 പന്തിൽ 24) ചേർന്ന് 9.4 ഓവറിൽ 97 റൺസിന്റെ കൂട്ടുകെട്ട് ബട്ട്ലർ ഉണ്ടാക്കി. 19 പന്തിൽ 3 ഫോറും 2 സിക്സും ഉൾപ്പെടെ 38 റൺസ് നേടിയ ക്യാപ്ടൻ സഞ്ജു സാംസണും ബട്ട്‌ലർക്ക് നല്ല പിന്തുണ നൽകി. 13 പന്തിൽ 2 വീതം സിക്സും ഫോറുമായി പുറത്താകാതെ 26 റൺസ് നേടിയ ഹെറ്റ്മേയറും രാജസ്ഥാൻ ബാറ്റർമാരിൽ തിളങ്ങി. 150-ാം ഐ.പി.എൽ മത്സരത്തിനിറങ്ങിയ സുനിൽ നരെയ്ൻ കൊൽക്കത്തയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി.
ഐ.പി.എല്ലിന്റെ ബർത്ത് ഡേ കൂടിയായിരുന്നു ഇന്നലെ. 2008ൽ ഐ.പി.എൽ ഒന്നാം സീസണിന്റെ ഉദ്ഘാടന മത്സരം ഏപ്രിൽ 18നായിരുന്നു.
ഇപ്പോഴത്തെ കൊൽക്കത്ത കോച്ച് മക്കുല്ലം അന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ സെഞ്ച്വറി നേടിയിരുന്നു (73 പന്തിൽ 58).