kerala

മലപ്പുറം: സന്തോഷ് ട്രോഫി ദേശീയ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ രണ്ടാം ജയവുമായി ആതിഥേയരായ കേരളം. കരുത്തരായ ബംഗാളിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് കേരളം പരാജയപ്പെടുത്തിയത്. ഗോളൊന്നും വീഴാത്ത ആദ്യപകുതിക്ക് ശേഷം 85 മിനിട്ടിൽ നൗഫലും രണ്ടാം പകുതിയുടെ ഇൻജുറി ടൈമിൽ ജെസിനുമാണ് കേരളത്തിന് വേണ്ടി ഗോളുകൾ നേടിയത്.

തുടക്കത്തിൽ പതിഞ്ഞ തുടക്കമായിരുന്നു കേരളതിന്റേത്. മത്സരത്തിന് കുറച്ചു മുമ്പായി പെയ്ത മഴയിൽ ഗ്രൗണ്ട് കുതിർന്നതും ഇരുടീമുകളുടെയും കളി മോശമാകാൻ ഒരു പരിധി വരെ കാരണമായി. ആദ്യ 20 മിനിട്ട് കഴിഞ്ഞപ്പോൾ തന്നെ ബംഗാൾ അമിത പ്രതിരോധത്തിലൂന്നി കളിക്കാൻ തുടങ്ങിയത് ഗോൾ ദൗർലഭ്യം വർദ്ധിപ്പിച്ചു. ഒരു സമയത്ത് കേരളത്തിന്റെ മുന്നേറ്റനിരയും ബംഗാളിന്റെ ഗോൾകീപ്പർ പ്രിയന്തും തമ്മിലുള്ള നേർക്കു നേർ പോരാട്ടമായി മത്സരം മാറി.

എന്നാൽ കളിയുടെ പോക്ക് കണ്ട കേരളത്തിന്റെ പരിശീലകൻ ബിനോ ജോ‌ർജ് കളി ശൈലി മാറ്റി. അതുവരെ കുറിയ പാസുകളുമായി മുന്നേറുന്നതായിരുന്നു കേരളത്തിന്റെ ശൈലി. രാജസ്ഥാനെതിരായ ആദ്യ മത്സരത്തിൽ ഫലം ചെയ്ത ഈ ശൈലി പക്ഷേ ബംഗാളിന്റെ മദ്ധ്യനിരയ്ക്കു മുന്നിൽ പരാജയപ്പെടുന്ന കാഴ്ചയായിരുന്നു മലപ്പുറത്ത് കണ്ടത്. തുടർന്ന് ഷോർട്ട് പാസുകൾ മാറ്റി മദ്ധ്യനിരയിൽ നിന്ന് കേരള താരങ്ങൾ മുന്നേറ്റനിരയിലേക്ക് ലോംഗ് പാസുകൾ നൽകാൻ തുടങ്ങി. ഈ നീക്കം ഫലം ചെയ്തു. ബംഗാൾ മദ്ധ്യനിര കടന്ന് പന്ത് സ്ഥിരമായി ഗോൾപോസ്റ്റ് ലക്ഷ്യമാക്കി എത്തിതുടങ്ങി. എന്നാൽ അവിടെ വില്ലനായി ബംഗാളിന്റെ പരിചയസമ്പന്നനായ ഗോൾകീപ്പർ പ്രിയന്ത് എത്തി.

ഒടുവിൽ 85ാം മിനിട്ടിലാണ് കേരളം മത്സരത്തിലെ ആദ്യ ഗോൾ നേടുന്നത്. ബോക്സിനുള്ളിൽ നിന്ന് ക്യാപ്ടൻ ജിജോ ജോസഫ് സ്ക്വയർ ചെയ്ത് നൽകിയ പന്ത് ഗോൾപോസ്റ്റിലേക്ക് നൗഫൽ വഴിതിരിച്ചു വിടുകയായിരുന്നു. ആദ്യ ഗോൾ പിറന്നതോടെ ബംഗാൾ സമനില ഗോൾ നേടാനുള്ള ശ്രമമായി. സ്വാഭാവികമായി കേരളം പ്രതിരോധത്തിലേക്ക് വലിയും എന്നായിരുന്നു ബംഗാൾ ക്യാമ്പ് ധരിച്ചത്. എന്നാൽ ബംഗാൾ ആക്രമിക്കാൻ ആരംഭിച്ചപ്പോൾ പൂർവാധികം കരുത്തോടെ തിരിച്ച് ആക്രമിക്കാനാണ് കേരളം ശ്രമിച്ചത്. അതിന്റെ ഫലം കണ്ടത് 90+4 മിനിട്ടിലായിരുന്നു. കേരളത്തിന്റെ മുഹമ്മദ് സഹീഫിന്റെ കാലുകളിൽ പന്ത് എത്തുമ്പോൾ വെറും മൂന്ന് ബംഗാൾ താരങ്ങൾ മാത്രമായിരുന്നു അവരുടെ പകുതിയിൽ ഉണ്ടായിരുന്നത്. പന്തുമായി കുതിച്ച സഹീഫ് ബോക്സിന് തൊട്ടടുത്ത് വച്ച് പന്ത് ജെസിന് പാസ് ചെയ്തു. ഗോൾകീപ്പറെ കടത്തിവെട്ടി പന്ത് വലയിലെത്തിച്ച ജെസിൻ കേരളത്തിന് വേണ്ടി വിജയം ഉറപ്പാക്കി.