
ഇസ്ലാമാബാദ് : സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുള്ള പ്രതിഷേധങ്ങൾക്ക് പിന്നാലെ ഇമ്രാൻ ഖാനെ പുറത്താക്കി പുതിയ പ്രധാനമന്ത്രി അധികാരത്തിലെത്തിയിട്ടും പാകിസ്ഥാന്റെ ശനിദശ മാറുന്നില്ല. വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും പിന്നാലെ ഊർജ പ്രതിസന്ധിയും പാകിസ്ഥാനിൽ രൂക്ഷമായി. വ്യവസായ ശാലകൾക്കും വീടുകൾക്കുമുള്ള വൈദ്യുതിവിഹിതം വെട്ടിക്കുറച്ചതായാണ് റിപ്പോർട്ട്.
ആകെ 7,140 മെഗാവാട്ട് ശേഷി വരുന്ന 18 പവർ പ്ലാന്റുകളാണ് അടുത്തിടെ പാകിസ്ഥാനിൽ അടച്ചുപൂട്ടിയത്. ഇതോടെ രാജ്യത്ത് കൂടുതൽ സമയം പവർകട്ട് ഏർപ്പെടുത്താനാണ് സാദ്ധ്യത. ഡീസല്‍ നിലയങ്ങളില്‍ നിന്നാണ് വൈദ്യുതിയുടെ നല്ല പങ്കും വരുന്നത്
80 ശതമാനം പെട്രോളും ഡീസലും ഇറക്കുമതി ചെയ്യുന്ന പാകിസ്ഥാന് യുക്രെയിൻ യുദ്ധവും റഷ്യയ്ക്കെതിരായ പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധവും കാരണം . ക്രൂഡ് ഓയിലിനു വില കൂടിയതാണ് തിരിച്ചടിയായി.
വിദേശനാണ്യ കരുതൽ ശേഖരം കമ്മിയായതോടെ കൽക്കരിയും പ്രകൃതി വാതകവും ഇറക്കുമതി ചെയ്യാൻ ശേഷിയില്ലാതായി, രാജ്യത്ത് ആവശ്യത്തിന് കൽക്കരി സ്റ്റോക്കില്ലാത്തതിനാൽ ഗുരുതര പ്രതിസന്ധിയിലേക്കാണ് രാജ്യം കൂപ്പുകുത്തുന്നതെന്നാണു റിപ്പോർട്ട്.‘
പാക് കറൻസിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതും ആഭ്യന്തരവിപണിയിലെ വ്യാപാരങ്ങൾ തകർന്നതും പ്രതിസന്ധി രൂക്ഷമാക്കി.