
ന്യൂഡൽഹി: ഇന്ത്യയിലെ വാഹനനിർമാണ മേഖല ഒരു നിശബ്ദ വിപ്ളവത്തിലൂടെ കടന്നുപോകുകയാണ്. പല വാഹന നിർമാതാക്കളും തങ്ങളുടെ ഹാച്ച്ബാക്ക് മോഡലുകൾ പിൻവലിച്ചുതുടങ്ങിയെന്നതാണ് ആ മാറ്റം. എന്നാൽ ഇത് അധികമാരും ശ്രദ്ധിച്ചുതുടങ്ങിയിട്ടില്ല എന്നതാണ് മറ്റൊരു യാഥാർത്ഥ്യം. കഴിഞ്ഞ മാസമാണ് നിസാൻ തങ്ങളുടെ ഹാച്ച്ബാക്ക് മോഡലായ ഡാറ്റ്സൺ പിൻവലിച്ചത്. തൊട്ടുപിന്നാലെ ഹാച്ച്ബാക്കായ പോളോയുടെ നിർമാണവും അവസാനിപ്പിച്ചതായി ഫോക്സ്‌വാഗണിന്റെ അറിയിപ്പും എത്തി. ഹോണ്ടയുടെ ജാസും ഉടനടി പിൻവലിക്കാനുള്ള ഒരുക്കത്തിലാണ്. നിലവിൽ മാരുതി, ഹ്യുണ്ടായി, ടാറ്റ എന്നിവർ മാത്രമാണ് ഇന്ത്യയിൽ ഹാച്ച്ബാക്ക് കാറുകൾ ഇറക്കുന്നത്.
ഹാച്ച്ബാക്ക് കാറുകളുടെ ജനപ്രീതിയിൽ വന്ന ഇടിവ് തന്നെയാണ് ഇത്തരമൊരു നീക്കത്തിന് നിർമാതാക്കളെ പ്രേരിപ്പിക്കുന്നത്. ആഗോളതലത്തിൽ ഹാച്ച്ബാക്ക് മോഡലുകളുടെ സ്വീകാര്യത കുറഞ്ഞുവരികയാണ്. പലരും ഹാച്ച്ബാക്കിൽ നിന്ന് എസ് യു വിയിലേക്ക് ചുവടുമാറാൻ തയ്യാറായി നിൽക്കുകയാണ്. ഹാച്ച് ബാക്കിനെ അപേക്ഷിച്ച് എസ് യു വി നൽകുന്ന അധിക സ്ഥലം തന്നെയാണ് പ്രധാന കാരണം. അതിനാൽ തന്നെ ഇന്ത്യയിലെ വിപണി മാത്രം ലക്ഷ്യമിട്ട് ഹാച്ച്ബാക്ക് കാറുകൾ നിർമിക്കുന്നത് അധികസാമ്പത്തിക ബാദ്ധ്യതവരുത്തിവയ്ക്കുമെന്നാണ് കമ്പനികളുടെ കണക്കുകൂട്ടൽ.
ഇതിന്പുറമേ ഇന്ത്യൻ ഉപഭോക്താക്കളുടെ ആവശ്യകത അനുസരിച്ച് ഹാച്ച്ബാക്കുകളുടെ നീളത്തിൽ വ്യത്യാസം വരുത്തേണ്ടി വരുന്നതും നിർമാതാക്കൾക്ക് അധിക ബാദ്ധ്യത വരുത്തിവയ്ക്കുന്നുണ്ട്. ഫോസ്ക്‌വാഗൺ പോളോ അന്താരാഷ്ട്ര വിപണിയിൽ പുറത്തിറങ്ങുന്നതിന്റെ നാല് മീറ്ററോളം കുറവാണ് ഇന്ത്യൻ വിപണിയിൽ. ഹോണ്ട ജാസിന്റെ കാര്യവും ഏതാണ്ട് സമാനമാണ്. ഇന്ത്യയിൽ ഹാച്ച്ബാക്കിൽ നിന്ന് എസ് യു വിയിലേക്കുള്ള് മാറ്റം അത്ര സുഗമമാകാൻ സാദ്ധ്യതയില്ല. എങ്കിലും ലോണുകൾ വളരെവേഗം ലഭിക്കുന്നതിനാൽ ഉപഭോക്താക്കൾക്ക് എസ് യു വിയിലേക്ക് ചുവടുമാറാൻ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നാണ് നിർമാതാക്കളുടെ വിലയിരുത്തൽ.