kv-thomas

ആലപ്പുഴ: കോൺഗ്രസിനെതിരെ വീണ്ടും വിമർശനവുമായി മുതിർന്ന നേതാവ് കെ വി തോമസ്. ഇത്തവണ അംഗത്വ വിതരണ ക്യാമ്പെയിനെതിരെയാണ് വിമർശനം.

'കോൺഗ്രസിന്റെ അംഗത്വ ക്യാമ്പെയിൻ വൻ പരാജയമാണ്. ഡിജിറ്റൽ മെമ്പർഷിപ്പ് കോൺഗ്രസിന്റെ സമ്പ്രദായമല്ല. 50 ലക്ഷം പേരെ ചേർക്കാൻ ലക്ഷ്യമിട്ടിട്ട് ഇപ്പോൾ ഒന്നുമില്ലാത്ത അവസ്ഥയാണ്' - കെ വി തോമസ് പറഞ്ഞു.

'ഗ്രൂപ്പ്‌ വേണ്ടെന്ന തീരുമാനം എടുത്തിട്ടുള്ള ആളുകളിൽ ഒരാളാണ് താനെന്ന് കെ വി തോമസ് വ്യക്തമാക്കി. ഗ്രൂപ്പുകൾ കോൺഗ്രസിന് ഗുണം ചെയ്യില്ലെന്ന് നേരത്തെ പറഞ്ഞിട്ടുള്ളതാണ്. കെപിസിസി പ്രസിഡന്റ് ഗ്രൂപ്പിന്‍റെ ഭാഗമാണെന്ന് കരുതുന്നില്ല. സുധാകരനുമായി നല്ല സൗഹൃദം. എന്താണ് സംഭവിച്ചത് എന്ന് അറിയില്ല' - കെ വി തോമസ് കൂട്ടിച്ചേർത്തു.

സുധാകരന്‍ അടക്കമുള്ള നേതാക്കള്‍ക്ക് തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ അജണ്ടയുണ്ടെന്ന് കെ വി തോമസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാഷ്ട്രീയകാര്യ സമിതിയിലേയ്ക്ക് ക്ഷണിക്കാത്തതിനു പിന്നാലെയായിരുന്നു പ്രതികരണം. ഗ്രൂപ്പ് നേതാക്കളുടെ ശ്രമം തന്നെ പുറത്താക്കുക എന്നതാണ്. സി പി എം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതിൽ തെറ്റില്ലെന്നും കെ വി തോമസ് വ്യക്തമാക്കിയിരുന്നു.

അതേസമയം, അംഗത്വ ക്യാമ്പെയിൻ ഗൗരവത്തിലെടുത്തില്ലെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം വിലയിരുത്തിയിരുന്നു. കേന്ദ്ര നേതൃത്വം നിർദേശിച്ച സമയം പാലിക്കുന്നതിൽ വീഴ്ചയുണ്ടായെന്നാണ് യോഗത്തിൽ വിമർശനം ഉയർന്നത്. കൂടാതെ കെ വി തോമസ്, പി ജെ കുര്യൻ വിഷയങ്ങളിൽ ഹൈക്കമാൻഡ് തീരുമാനം എടുക്കട്ടേയെന്നും യോഗത്തിൽ ധാരണയായി.