woman

വിജയവാഡ: പ്രതിശ്രുത വരന്റെ കഴുത്തറുത്ത യുവതി അറസ്റ്റിൽ. അനകപ്പല്ലെ ജില്ലയിലെ കൊമ്മലപുഡിയിലാണു സംഭവം. ഹൈദരാബാദിൽ ശാസ്ത്രജ്ഞനായി ജോലി ചെയ്തിരുന്ന രാമു നായിഡുവിനെയാണ് പ്രതിശ്രുത വധുവായ പുഷ്പ ആക്രമിച്ചത്. യുവാവ് ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

മേയ് 26നായിരുന്നു പുഷ്മയുടെയും രാമുവിന്റെയും വിവാഹം തീരുമാനിച്ചിരുന്നത്. എന്നാൽ യുവതിക്ക് വിവാഹത്തിന് താത്പര്യമില്ലായിരുന്നു. കുടുംബത്തിന്റെ സമ്മർദ്ദം മൂലമാണ് വിവാഹത്തിന് സമ്മതിച്ചത്. വിശാഖപട്ടണം സ്വദേശിയാണ് രാമുനായിഡു. പുഷ്പ യുവാവിനെ ഫോണിൽ വിളിച്ച് കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

തുടർന്ന് യുവാവ് പുഷ്പയുടെ നാട്ടിലെത്തി. ഇരുവരും ചേർന്ന് മലമുകളിലെ ഒരു ക്ഷേത്രത്തിലേക്കു പോയി. സർപ്രൈസ് തരാൻ താൽപര്യമുണ്ടെന്നും കണ്ണടയ്ക്കണമെന്നും പുഷ്പ രാമുവിനോട് ആവശ്യപ്പെട്ടു. യുവാവ് കണ്ണടച്ച ഉടൻ കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു. താൽപര്യമില്ലാത്ത വിവാഹത്തിനു വീട്ടുകാർ നിർബന്ധിക്കുകയായിരുന്നെന്നും, സ്‌കൂട്ടറിൽനിന്ന് വീണാണ് യുവാവിന് പരിക്കേറ്റതെന്നുമാണ് യുവതി പറയുന്നത്.