
ചെന്നൈ: തമിഴ് സൂപ്പർ താരം വിജയുടെ ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ബീസ്റ്റ്. എന്നാൽ ഇത് സിനിമാ പ്രേമികളെ ആകെ നിരാശരാക്കി. തീയേറ്റർ പൂരപ്പറമ്പാക്കുമെന്ന് കരുതിയ ചിത്രം പക്ഷെ വലിയ ഓളമൊന്നും ഉണ്ടാക്കിയില്ല. യാഷിന്റെ കെജിഎഫ് 2 കൂടി വന്നതോടെ ബീസ്റ്റിന്റെ പ്രഭ മങ്ങുകയായിരുന്നു.
ഒരേ കഥ തന്നെ പല രൂപത്തിൽ എത്തുന്നതിനെ പലരും വിമർശിക്കുകയും ചെയ്തു. വിജയ് ചിത്രങ്ങളുടെ കഥയെല്ലാം ഒന്നു തന്നെയെന്നും സന്ദർഭങ്ങൾ മാത്രം മാറുന്നുവെന്നുമുള്ള ആക്ഷേപം മുമ്പേയുള്ളതാണ്. വളരെ മോശം അഭിപ്രായം വന്നെങ്കിലും ഫാൻസിന്റെ സഹായത്തോടെ ചിത്രം തീയേറ്ററുകളിൽ പിടിച്ചു നിൽക്കുന്നുണ്ട്. എന്നാലും പലരും മോശം സിനിമയെന്ന് തന്നെയാണ് ചിത്രത്തെക്കുറിച്ച് പറഞ്ഞത്. ചിത്രം മോശമെന്ന് സമൂഹ മാദ്ധ്യമങ്ങളിലൂടെ പറയുന്നവർക്ക് ഫാൻസിന്റെ വക പൊങ്കാലയും ലഭിക്കുന്നുണ്ട്.
എന്നാൽ ചിത്രത്തെപ്പറ്റി ഒടുവിൽ മോശം അഭിപ്രായം പറഞ്ഞ ആളിനെ കൂട്ടം ചേർന്ന് ആക്രമിക്കാനുള്ള ധൈര്യം ഫാൻസിനുണ്ടാകുമെന്ന് തോന്നുന്നില്ല. സാക്ഷാൽ വിജയുടെ പിതാവ് എസ് എ ചന്ദ്രശേഖർ തന്നെയാണ് സിനിമയെപ്പറ്റി മോശം അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുന്നത്. ബീസ്റ്റിന്റെ തിരക്കഥയ്ക്കും സംവിധാനത്തിനും വേണ്ടത്ര നിലവാരം പുലർത്താൻ സാധിച്ചില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. പുതിയ തലമുറയിലെ കഴിവുള്ള സംവിധായകർ സൂപ്പർതാരങ്ങളെ വച്ച് സിനിമ ചെയ്യുമ്പോൾ താരമൂല്യം സിനിമയെ രക്ഷിക്കുമെന്നത് വെറും തെറ്റിദ്ധാരണ മാത്രമെന്നാണ് ചന്ദ്രശേഖർ പറയുന്നത്.
ചിത്രത്തിലെ അറബിക് കുത്ത് പാട്ട് വരെയുള്ള ഭാഗം താൻ വളരെ ആസ്വദിച്ചു. എന്നാൽ അതിനു ശേഷം സിനിമ അത്ര രസമുള്ളതായി തോന്നിയില്ല. വിജയുടെ താരപദവിയെ ആശ്രയിച്ചുമാത്രമാണ് ആ സിനിമ നിലനിൽക്കുന്നത്. തിരക്കഥയിലും സംവിധാനത്തിലും വേണ്ടത്ര ശ്രദ്ധിച്ചിട്ടില്ല. സംവിധായകർ അവരുടെ ശൈലിയിൽ വേണം സിനിമയെടുക്കാൻ. അതിനൊപ്പം പ്രേക്ഷകനെ പിടിച്ചിരുത്താനുള്ള ഘടകങ്ങളും ഉൾപ്പെടുത്തണം. ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയമാണെങ്കിലും ആസ്വാദനത്തിന് അത്ര സംതൃപ്തി നൽകുന്ന ഒന്നായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വിജയ് ചിത്രങ്ങൾ മാത്രം ചെയ്തിട്ടുള്ള നെൽസൺ സംവിധാനം ചെയ്ത ബീസ്റ്റ് ഈ മാസം 13 നാണ് റിലീസ് ചെയ്തത്. കലാനിധിമാരന്റെ നിർമാണത്തിൽ സൺ പിക്‌ചേഴ്സിന്റെ ബാനറിലാണ് ചിത്രം പുറത്തിറങ്ങിയത്. പൂജ ഹെഗ്‌ഡെ, സെൽവരാഘവൻ, ഷൈൻ ടോം ചാക്കോ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.