pocso-case

മുംബയ്: അഞ്ച് വയസുകാരിയായ മകളോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ നാൽപ്പതുകാരൻ കുറ്റക്കാരനാണെന്ന് വിധിച്ച് മുംബയിലെ പ്രത്യേക കോടതി. ച‌ർമങ്ങൾ തമ്മിൽ സ്പർശനം നടന്നിട്ടില്ലെന്ന പ്രതിഭാഗത്തിന്റെ വാദം തള്ളിയാണ് അഞ്ച് വർഷത്തെ തടവിന് കോടതി വിധിച്ചത്. കുട്ടിയുടെ മാതാവ് നൽകിയ പരാതിയിലാണ് കോടതി വിധി.

പോക്സോ കേസിൽ അറസ്റ്റിലായ ഇയാളെ ഏപ്രിൽ 12നാണ് കോടതി കുറ്റക്കാരനാണെന്ന് വിധിച്ചത്. ഉത്തരവിന്റെ കോപ്പി കഴിഞ്ഞ ഞായറാഴ്ച പരസ്യപ്പെടുത്തിയിരുന്നു. ഇരയുടെ സ്വകാര്യ ഭാഗത്ത് വിരലുപയോഗിച്ച് പ്രതി സ്പർശിച്ചിട്ടില്ലെന്ന വാദം അത്ഭുതപ്പെടുത്തിയെന്ന് സ്പെഷ്യൽ കോടതി ജഡ്ജിയായ എച്ച് സി ഷിൻഡെ പറഞ്ഞു. അക്രമി ഇരയുടെ സ്വകാര്യ ഭാഗത്ത് എപ്രകാരം സ്പർശിക്കുന്നതാണ് കുറ്റകരം. ഏതുതരത്തിലുള്ള അക്രമമാണ് കുറ്റകൃത്യമായി കണക്കാക്കുന്നത് എന്നീ കാര്യങ്ങൾ പോക്‌സോ കേസിൽ ബാധകമാവുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

കേസിലെ പ്രതി ഇരയുടെ പിതാവായതിനാൽ ദയ നൽകണമെന്നുള്ള അഭ്യർത്ഥന തെറ്റാണെന്നും അത് നീതിയെ പരിഹസിക്കുന്നതിന് തുല്യമായിരിക്കുമെന്നും കോടതി പ്രതികരിച്ചു. ഒരു പിതാവ് മകൾക്ക് സംരക്ഷണവും വിശ്വാസവും ആയിരിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.

2019ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അദ്ധ്യാപിക മാതാവിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് മാതാവ് ചോദ്യം ചെയ്തപ്പോഴാണ് പിതാവ് മോശമായി പെരുമാറിയെന്ന് കുട്ടി വെളിപ്പെടുത്തുന്നത്. പിന്നാലെ മാതാവ് ഭർത്താവിനെതിരെ പരാതി നൽകുകയായിരുന്നു. എന്നാൽ വിവാഹമോചനത്തിനായി ഭാര്യ കെട്ടിച്ചമച്ച കഥയാണിതെന്നാണ് പ്രതി വാദിച്ചത്. പിതാവ് സ്വകാര്യ ഭാഗത്ത് സ്പർശിച്ചുവെന്നതിൽ കുട്ടി ഉറച്ചുനിന്നതിനാൽ കോടതി ഇയാളുടെ വാദങ്ങളെ തള്ളുകയായിരുന്നു.