
ലോകത്തിലെ ഏറ്റവും നീളമേറിയ മതിലായ ചൈനീസ് വൻമതിലിനെപ്പറ്റി എല്ലാവർക്കും അറിയാം. എന്നാൽ ഇതേ രൂപത്തിലുള്ള ഒരു വൻമതിൽ ഇന്ത്യയിലുണ്ടെന്ന് എത്ര പേർക്ക് അറിയാം? യുനെസ്‌കോയുടെ പൈതൃക സ്ഥലങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച ഈ വൻമതിൽ രാജസ്ഥാനിലാണുള്ളത്.

രാജസ്ഥാനിലെ ഉദയ്പൂരിൽ നിന്ന് 80 കിലോമീറ്റർ വടക്കായി മേവാറിലെ ആരവല്ലി മലനിരകളുടെ പച്ചപ്പിന് നടുവിലായി സ്ഥിതി ചെയ്യുന്ന കുംഭൽഗഡ് കോട്ടയിലാണ് ഈ മതിൽ സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്നും 3,600 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ മതിലിന് 36 കിലോമീറ്റർ നീളവും 15 മീറ്റർ വീതിയുമുണ്ട്.
ചൈനീസ് വൻമതിൽ കഴിഞ്ഞാൽ നീളത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള വൻമതിലാണിത്. ഇക്കാര്യം രാജ്യത്തെ പലർക്കും അറിയില്ല എന്നുള്ളതാണ് വസ്തുത. കുംഭൽഗഡ് മതിലിന്റെ ഘടനയും രൂപകൽപനയും ചൈനീസ് വൻമതിലിനോട് ഒരു പരിധി വരെ സാമ്യമുള്ളതാണ്. അതിനാലാണ് ഇതിനെ ഇന്ത്യൻ വൻമതിലെന്നു വിളിക്കുന്നത്.

ആറാം നൂറ്റാണ്ടിൽ മൗര്യ വംശത്തിൽപെട്ട സംപ്രതി മഹാരാജാവാണ് യഥാർത്ഥത്തിൽ ഈ കോട്ട നിർമിച്ചതെന്നാണ് വിശ്വാസം. എന്നാൽ കാലങ്ങൾക്ക് ശേഷം പതിനഞ്ചാം നൂറ്റാണ്ടിൽ മേവാറിലെ റാണ കുംഭ രാജാവ് ഇത് പുതുക്കി പണിയുകയുണ്ടായി. ഏകദേശം 15 വർഷമെടുത്താണ് ഇതിന്റെ പുനർ നിർമാണം പൂർത്തിയാക്കിയത്.
വിവിധ മത വിഭാഗങ്ങളുടേതായി 360 ക്ഷേത്രങ്ങളാണ് ഈ കോട്ടയിലുള്ളത്. ഈ കോട്ടയാണ് മഹാറാണ പ്രതാപിന്റെ ജന്മസ്ഥലമെന്നാണ് പറയപ്പെടുന്നത്. ഇപ്പോൾ രാജസ്ഥാൻ സർക്കാരാണ് ഇത് സംരക്ഷിക്കുന്നത്. ഒക്ടോബർ മുതൽ മാർച്ച് വരെയാണ് കോട്ട സന്ദർശിക്കാനുള്ള ഏറ്റവും നല്ല സമയം. നിരവധി ക്ഷേത്രങ്ങളും, മ്യൂസിയങ്ങളും കോട്ടയിലുണ്ട്. മാത്രമല്ല കുംഭൽഗഡ് വനവും സന്ദർശിക്കാനുള്ള സൗകര്യമുണ്ട്.
