
കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന മഹാക്ഷേത്രമാണ് കടവല്ലൂർ ക്ഷേത്രം. ഘടോൽക്കചനാൽ പ്രതിഷ്‌ഠ ചെയ്യപ്പെട്ട ശ്രീരാമ ഭാവത്തിലുള്ള മഹാവിഷ്‌ണു ക്ഷേത്രമാണിത്. വേദ അദ്ധ്യായനത്തിന്റെ പരീക്ഷയായ 'അന്യോന്യം'എന്ന ചടങ്ങിന്റെ പേരിലാണ് കടവല്ലൂർ ക്ഷേത്രം പ്രസിദ്ധം. ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയുടെ കണക്ക് പ്രകാരം 900 വർഷത്തെ പഴക്കമുണ്ട് ക്ഷേത്രത്തിന്. കണ്ണൂർകോട്ടയിലെ പുരാരേഖയിൽ ഇത് വ്യക്തമാണ്.
ചതുർബാഹുവായ വിഷ്‌ണുവിഗ്രഹമാണ് ഇവിടുത്തെ പ്രതിഷ്‌ഠ. ദശരഥ മഹാരാജാവ് പൂജിച്ചിരുന്ന വിഗ്രഹമാണിതെന്നാണ് വിശ്വാസം. തുടർന്ന് ശ്രീരാമനിൽ നിന്ന് വിഭീഷണനിലേക്ക് അത് കൈവരികയായിരുന്നു. പിന്നീട് ദ്വാപരയുഗത്തിൽ യുധിഷ്‌ഠിരൻ രാജസൂയ യാഗം നടത്തുകയുണ്ടായി. അന്ന് ലങ്ക കീഴടക്കാനെത്തിയവരോട്, താൻ യുദ്ധത്തിനില്ലെന്ന് അറിയിച്ചപ്പോൾ ലങ്കയിലെ ഏറ്റവും വിലപിടിച്ച വസ്തു ഏതെന്ന് യുധിഷ്‌ഠിരൻ ചോദിക്കുകയുണ്ടായി. രത്നങ്ങളും സ്വർണങ്ങളുമൊക്കെ വിഭീഷണന്റെ മനസിൽ വന്ന സമയത്ത് ഒരു അശരീരി മുഴങ്ങി. പൂജിച്ചുകൊണ്ടിരിക്കുന്ന മഹാവിഷ്‌ണു വിഗ്രഹം തന്നെയാണ് ലങ്കയിലെ ഏറ്റവും വിലപിടിപ്പുള്ള വസ്തുവെന്ന്. തുടർന്ന് ശ്രീകൃഷ്‌ണന്റെ നിർദേശ പ്രകാരം അശോകവനമായിരുന്ന കടവല്ലൂരിൽ പ്രതിഷ്‌ഠിക്കുകയായിരുന്നു എന്നാണ് ഐതിഹ്യം.
ഗണപതി, സങ്കൽപ്പശിവൻ, അയ്യപ്പൻ എന്നിവരാണ് കടവല്ലൂരെ ഉപദേവതാ പ്രതിഷ്ഠകൾ. മകയിരത്തിലെ ഏകാദശിയാണ് കടവല്ലൂരെ പ്രധാന ഉത്സവാഘോഷം. ശ്രീരാമനവമിയും, നവരാത്രിയും കടവല്ലൂരിൽ പ്രാധാന്യത്തോടെ കൊണ്ടാടപ്പെടുന്നു.
കടവല്ലൂർ അന്യോന്യം വളരെ പ്രസിദ്ധമാണ്. എല്ലാ കൊല്ലവും വൃശ്ചിക മാസത്തിൽ 8 ദിവസമായി നടക്കുന്ന ഋഗ്വേദ പാരായണ മത്സരമാണ്. കേരളത്തിലെ പ്രധാനപ്പെട്ട രണ്ടു ഋഗ്വേദ പാഠശാലകൾ ആയ തിരുനാവായ മഠം, തൃശൂർ ബ്രഹ്മസ്വം മഠം എന്നിവിടങ്ങളിലെ വേദ പണ്ഡിതന്മാരും വേദ പഠന വിദ്യാർത്ഥികളുമാണ് ഈ മത്സരത്തിൽ പങ്കെടുക്കുന്നത്. കടവല്ലൂരിൽ മാത്രം നടക്കുന്ന ഒരു അപൂർവ വേദ പണ്ഡിത സമ്മേളനവും, സംവാദവുമാണ് അന്യോന്യം. താള, ലയ, ഭാവ, ആംഗ്യ വിക്ഷേപത്തോടു കൂടിയുള്ള ഈ ചടങ്ങ് കർണാനന്ദകരവും, നയനാനന്ദകരവുമാണ്.