
കരുണയുടെയും സാഹോദര്യത്തിന്റെയും മൂല്യങ്ങൾ ഇനിയും വറ്റിയിട്ടില്ലെന്ന് തെളിയിക്കുകയാണ് മുംബയ് സ്വദേശിനിയായ യുവതി. ഊബർ ടാക്‌സിയിൽ യാത്ര ചെയ്യുന്നതിനിടെ ഡ്രൈവർക്ക് നിസ്‌കരിക്കാൻ അവസരമൊരുക്കിയ യുവതിയുടെ പ്രവൃത്തിയെ സോഷ്യൽ മീഡിയ വാനോളം പുകഴ്‌ത്തുകയാണ്. പ്രിയ സിംഗ് എന്ന യുവതി തന്നെയാണ് സംഭവത്തെക്കുറിച്ച് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചത്.

'എയർപോർട്ടിൽ നിന്ന് ഊബർ ടാക്‌സിയിൽ യാത്ര തുടങ്ങി പത്ത് മിനിട്ട് കഴിഞ്ഞപ്പോൾ ഡ്രൈവറുടെ മൊബൈലിൽ നിന്ന് പ്രാർത്ഥനകൾ കേൾക്കാൻ തുടങ്ങി. ഇത് കേട്ട് താങ്കൾ ഇഫ്‌താർ ചെയ്തുവോയെന്ന് ഞാൻ ചോദിച്ചു. ഡ്യൂട്ടി ഉള്ളതിനാൽ ഇന്ന് റോഡിലായിരിക്കും ഇഫ്‌താർ എന്ന് അദ്ദേഹം മറുപടി പറഞ്ഞു. താങ്കൾക്ക് നമസ്‌ക്കരിക്കണോയെന്ന് ഞാൻ വീണ്ടും ചോദിച്ചു. എനിക്കതിന് കഴിയുമോയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. പിന്നാലെ എന്റെ നിർദേശ പ്രകാരം അദ്ദേഹം കാർ റോഡ് സൈഡിലേക്ക് മാറ്റി നിർത്തി. ഞാൻ മുന്നിലെ സീറ്റിലേക്ക് വന്നിരുന്നു. അദ്ദേഹം പിൻസീറ്റിൽ ഇരുന്ന് പ്രാർത്ഥിക്കുകയും ചെയ്തു'- പ്രിയ സിംഗ് കുറിച്ചു. കുറിപ്പിന് പിന്നാലെ യുവതിയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തിയത്.