
ലഖ്നൗ : ഉത്തർപ്രദേശിലെ റായ്ബറേലിയിൽ ജോലി ചെയ്തതിന് കൂലി ആവശ്യപ്പെട്ട ദളിത് വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം. വിധവയായ അമ്മയ്‌ക്കൊപ്പം താമസിക്കുന്ന പത്താംക്ലാസ് വിദ്യാർത്ഥിയെയാണ് മേൽജാതിയിൽപ്പെട്ടവർ അധിക്ഷേപിക്കുകയും മർദ്ദിക്കുകയും ചെയ്തത്. എപ്രിൽ പത്തിനാണ് സംഭവം നടന്നത്. കുട്ടിയുടെ അമ്മ പ്രതികളുടെ വയലിലാണ് ജോലി ചെയ്യുന്നത്. ജോലി ചെയ്തതിനുള്ള കൂലി കുട്ടി ആവശ്യപ്പെട്ടതാണു പ്രതികളെ പ്രകോപിപ്പിച്ചത്. തുടർന്ന് വിദ്യാർത്ഥിയെ മർദ്ദിച്ച് അവശനാക്കിയ ശേഷം അക്രമികളുടെ കാൽ നക്കിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രണ്ടര മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ കുട്ടി ചെവിയിൽ പിടിച്ചുകൊണ്ട് തറയിൽ ഇരിക്കുന്നത് കാണാം. ബൈക്കിൽ ഇരിക്കുന്ന പ്രതികൾ ജാതിപ്പേര് ഉച്ചത്തിൽ പറയാൻ കുട്ടിയോട് ആവശ്യപ്പെടുന്നുണ്ട്. ഇനി ഈ തെറ്റ് നിങ്ങൾ ആവർത്തിക്കുമോയെന്ന് കുട്ടിയോട് പ്രതികൾ ചോദിക്കുന്നതിനും ഇതിനു ശേഷം കുട്ടിയെക്കൊണ്ട് കാൽ നക്കിക്കുന്നതും വീഡിയോയിൽ കാണാം. സംഭവത്തിൽ വ്യാപക പ്രതിഷേധമുയർന്നതോടെ കുട്ടിയുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയും ഏഴ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസിൽ പ്രായപൂർത്തിയാകാത്ത ഒരു ബാലനും പ്രതിയാണെന്നു പൊലീസ് പറഞ്ഞു. എന്നാൽ എഫ്.ഐ.ആറിൽ വളരെ ദുർബലമായ വകുപ്പുകളാണ് പ്രതികൾക്കു മേൽ പൊലീസ് ചുമത്തിയിരിക്കുന്നതെന്ന് ആരോപണമുയരുന്നുണ്ട്.