geetha

തൃശൂർ: കൗമാരത്തിൽ കാഴ്ച നഷ്ടപ്പെട്ട ഗീതയുടെ അകക്കണ്ണിൽ കൊവിഡ് കാലത്ത് വിടർന്ന സ്വപ്നമായിരുന്നു, മികച്ചൊരു സംരംഭകയാകണമെന്ന്.

39കാരിയായ ഗീത കൂട്ടുപിടിച്ചത് മഹാമാരിക്കാലത്തെ താരം മഞ്ഞളിനെ. പിന്നെ മൂന്ന് വർഷത്തോളം വീട്ടിൽ പരീക്ഷണമായിരുന്നു. കാൻസറിനും പ്രതിരോധശേഷി കൂട്ടാനും ഫലപ്രദമെന്ന് പഠനങ്ങൾ തെളിയിച്ച 'കുർക്കുമിൻ' ഘടകം കൂടുതലുളള 'പ്രതിഭ' എന്നയിനം മഞ്ഞൾ പ്രധാന ചേരുവയായി നിർമ്മിച്ച 'കുർക്ക് മീൽ' ഓൺലൈനിൽ വിൽപ്പനയ്‌ക്കെത്തിച്ച് ഹിറ്റായി. രാജ്യമമ്പാടും ആവശ്യക്കാരുണ്ട്.

പ്രതിരോധ ശേഷി കൂട്ടാൻ (ഇമ്മ്യൂണിറ്റി ബൂസ്റ്റർ) ഉള്ളിൽ കഴിക്കാവുന്ന കുഴമ്പ് പരുവത്തിലുള്ള ഉൽപ്പന്നമാണിത്. സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി തേക്കിൻകാട് മൈതാനത്ത് നടക്കുന്ന മേളയിലും കുർക്ക് മീൽ സൂപ്പർ ഹിറ്റാണ്. 900 ഗ്രാമിന് 1200 രൂപ വില.

ഇനി കയറ്റുമതിയാണ് ലക്ഷ്യം. ഇതിനായി പ്രതിഭ മഞ്ഞൾ കൃഷി ചെയ്യാൻ വാടാനപ്പള്ളിയിലും മുതുവറയിലും അത്താണിയിലുമായി നാല് ഏക്കറോളം സ്ഥലം ഒരുക്കി. റിസർച്ച് സെന്ററുമായി ധാരണാപത്രം ഒപ്പിട്ടു. ഉത്പാദനത്തിന് യന്ത്രങ്ങൾ വാങ്ങും. ഭർത്താവ് സലീഷ് കുമാറും മക്കളും ഗീതയ്ക്കൊപ്പമുണ്ട്. അമലനഗറിന് അടുത്താണ് താമസം.

പ്രതിഭ മഞ്ഞൾ

 ഉത്പാദനം കോഴിക്കോട്ടെ സ്‌പൈസസ് റിസർച്ച് സെന്റർ.

 ഇതിൽ കുർക്ക്മിൻ 6.2 %.

 സാധാരണ മഞ്ഞളിൽ 3 %

 വില കിലോ 100 രൂപ

 ഒരു ഏക്കറിൽ കൃഷി 700 കിലോ

 ഉത്പന്നത്തിന് സെന്ററിന്റെ ലോഗോ ഉപയോഗിക്കാം.

 കയറ്റുമതിക്കും സഹായം

മഞ്ഞൾമാഹാത്മ്യം

 കുർക്കുമിൻ കോശങ്ങളിൽ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു

 ആന്റി ഓക്സിഡന്റിന്റെ കൂടുതൽ സാന്നിദ്ധ്യം രോഗങ്ങളെ ചെറുക്കുന്നു

 ശരീരത്തിലെ വിഷ വസ്തുക്കളെ നീക്കുന്നു

വെളിച്ചത്തിലേക്ക് ഗീതയുടെ വഴികൾ​

 ബ്രെയിൽ ലിപിയിൽ പഠനം.

 തൃശൂർ കേരളവർമ്മ കോളേജിൽ നിന്ന് ബിരുദം.

 2011 ൽ ഓർഗാനിക്ക് ഭക്ഷ്യപദാർത്ഥങ്ങൾ ഒരുക്കി തുടക്കം.

 2020ൽ 'ഗീതാസ് ഹോം ടു ഹോം' ഓൺലൈൻ സംരംഭം - https://geethasfoods.com

 ഓൺലൈനിൽ മാസം വിൽക്കുന്നത് 300 കുപ്പികൾ

 കുർക്ക്മീലിന്റെ കൂട്ട്

സലീഷിന്റെ സഹോദരിയാണ് പാരമ്പര്യമായി കിട്ടിയ കുർക്ക്മീലിന്റെ കൂട്ട് ഗീതയ്ക്ക് പകർന്നത്. മഞ്ഞൾ, ഈന്തപ്പഴം, ബദാം, തേങ്ങാപ്പാൽ, ശർക്കര എന്നിവയാണ് ചേരുവകൾ. പേറ്റന്റിന് അപേക്ഷിക്കും


ജി.എസ്.ടി ലഭ്യമായതോടെ ഓൺലൈൻ സ്ഥാപനങ്ങളിലൂടെയും കുർക്ക് മീൽ വിൽക്കാം. മറ്റ് സംസ്ഥാനങ്ങളിൽ ധാരാളം ആവശ്യക്കാരുണ്ട്.

- ഗീത സലീഷ്