df

ന്യൂഡൽഹി: തുടർച്ചയായ അഞ്ചാംദിനവും ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത നഷ്ടം. ചൊവ്വാഴ്ചത്തെ വിൽപന സമ്മർദത്തിൽ വിപണി തകർന്നടിഞ്ഞു. ​ബി.എസ്.ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം 269.4 ലക്ഷം കോടിയിൽ നിന്നും 266 ലക്ഷം കോടിയായി ഇടിഞ്ഞതോടെ നിക്ഷേപകർക്ക് 3.4 ​ലക്ഷം കോടിയാണ് 40 മിനിട്ടിനുള്ളിൽ നഷ്ടപ്പെട്ടത്. ആഗോള വിപണികളിലെ തകർച്ചയും റഷ്യ-യുക്രെയിൻ യുദ്ധവും ചൈനയിൽ വീണ്ടും കൊവിഡ് കേസുകൾ വർദ്ധിച്ചതും വിപണിയെ സ്വാധീനിച്ചു.

സെൻസെക്സ് 703.6 പോയിന്റ് നഷ്ടത്തോടെ 56,463.2ലാണ് വ്യാപാരം അവസാനിപ്പിച്ചത്. 1.2 ശതമാനം നഷ്ടമാണ് സെൻസെക്സിനുണ്ടായത്. നിഫ്റ്റി 215 പോയിന്റ് ഇടിഞ്ഞ് 16,958.7ലെത്തി. എച്ച്.ഡി.എഫ്.സി ലൈഫ്, എച്ച്.ഡി.എഫ്.സി ബാങ്ക്, എസ്.ബി.ഐ ലൈഫ്, ടാറ്റാ കൺസ്യൂമർ, ഐ.ടി.സി, സിപ്ല എന്നിവയ്ക്കാണ് കനത്ത നഷ്ടം നേരിട്ടത്. ഫിനാൻഷ്യൽ, ഐ.ടി, എഫ്.എം.സി.ജി, ഓട്ടോ സ്റ്റോക്ക് എന്നിവയുടെ ഓഹരി വിലകളാണ് കുറഞ്ഞത്.