ukraine

കീവ് : കിഴക്കൻ യുക്രെയിനിലെ ഡോൺബാസ് പിടിച്ചെടുക്കാനുള്ള പോരാട്ടം ആരംഭിച്ചെന്ന് റഷ്യ. തുറമുഖ നഗരമായ മരിയുപോളിന്റെ നിയന്ത്രണം കൈയ്യിലായെന്ന് റഷ്യ അവകാശപ്പെടുന്നുണ്ടെങ്കിലും യുക്രെയിൻ ഇത് അംഗീകരിച്ചിട്ടില്ല. മരിയുപോളിൽ ഇനിയും തുടരുന്ന യുക്രെയിൻ സൈനികർ അടിയന്തരമായി ആയുധം താഴെ വയ്ക്കണമെന്ന് റഷ്യ ഇന്നലെ വീണ്ടും അന്ത്യശാസനം നൽകി. എത്ര യുക്രെയിൻ സൈനികർ മരിയുപോളിൽ തുടരുന്നുണ്ടെന്ന് വ്യക്തമല്ല.

അതേ സമയം, കിഴക്കൻ ലുഹാൻസ്കിലെ ക്രെമിന്ന നഗരത്തിന്റെ നിയന്ത്രണം റഷ്യ പിടിച്ചെടുത്തെന്ന് ഗവർണർ അറിയിച്ചു. ഡോൺബാസ് മേഖല കേന്ദ്രീകരിച്ച് ആക്രമണം തുടങ്ങിയതിന് ശേഷം റഷ്യ പിടിച്ചെടുക്കുന്ന ആദ്യ പ്രധാന നഗരമാണ് ക്രെമിന്ന. ഡോൺബാസിന്റെ വിവിധ മേഖലകളിലായി ഡസൻകണക്കിന് മിസൈൽ ആക്രമണങ്ങളുണ്ടായി.

ഖാർക്കീവിൽ നടന്ന ഷെല്ലാക്രമണത്തിൽ 5 സാധാരണക്കാർ കൊല്ലപ്പെട്ടു. മൈക്കൊലൈവിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. ഈജിയൻ കടലിൽ റഷ്യയുടെ എണ്ണക്കപ്പൽ ഗ്രീസ് പിടിച്ചെടുത്തു. യുക്രെയിനിൽ തങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നില്ലെന്ന് റഷ്യൻ പ്രതിരോധ മന്ത്രി സെർജി ല‌വ്‌റോവ് പറഞ്ഞു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ മക്കളായ മരിയ, കാതറിന എന്നിവർ ഉൾപ്പെടെ 14 റഷ്യക്കാർക്ക് കാനഡ ഉപരോധം ഏർപ്പെടുത്തി.

ബെൽജിയം, നെതർലൻഡ്സ് രാജ്യങ്ങളിൽ നിന്നുള്ള 36 നയതന്ത്രജ്ഞരെ പുറത്താക്കുമെന്ന് റഷ്യ അറിയിച്ചു. യുക്രെയിൻ സംഘർഷം നീട്ടിക്കൊണ്ടുപോകാൻ പാശ്ചാത്യരാജ്യങ്ങൾ ശ്രമിക്കുന്നതായും അധിനിവേശം തുടങ്ങിയിട്ട് ഇതുവരെ യു.എൻ സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടെറസ് പുട്ടിനുമായി സംസാരിക്കാൻ ശ്രമിച്ചിട്ടില്ലെന്നും റഷ്യ ആരോപിച്ചു.