
മുംബയ്: ആർ സി ബിയ്ക്കെതിരായ ഐ പി എൽ മത്സരത്തിനിടെ ലക്നൗ സൂപ്പർ ജയന്റ്സ് ഓപ്പണർ ക്വിന്റൺ ഡി കോക്കിന് പരിക്ക്. ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജിന്റെ കുത്തിയുയർന്ന പന്ത് കൈക്കുഴയിൽ കൊണ്ടതിനെ തുടർന്നാണ് ഡികോക്കിന് പരിക്കേൽക്കുന്നത്. ഇന്നിംഗ്സിന്റെ ആദ്യ ഓവറിന്റെ രണ്ടാം പന്തിലായിരുന്നു സംഭവം. എന്നാൽ ഡികോക്കിന്റെ ദേഹത്ത് പന്ത് കൊണ്ട ഉടനെ ബൗളറായ സിറാജ് ഓടിയെത്തി. പിന്നാലെ വിരാട് കൊഹ്ലിയും ദിനേശ് കാർത്തിക്കും എത്തി ലക്നൗ താരത്തിന് കുഴപ്പമില്ലെന്ന് ഉറപ്പാക്കി. മികച്ച സ്പോർ്സ്മാൻ സ്പിരിറ്റിന്റെ ഉദാഹരണമാണ് ഗ്രൗണ്ടിൽ കണ്ടതെന്നായിരുന്നു കമന്റേറ്റർമാർ ആർ സി ബി താരങ്ങളുടെ ഈ പ്രവർത്തിയെ വിശേഷിപ്പിച്ചത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ആർ സി ബി, ക്യാപ്ടൻ ഫാഫ് ഡുപ്ലസിയുടെ ബാറ്റിംഗ് മികവിൽ നിശ്ചിത 20 ഓവറിൽ 181 റൺസ് എടുത്തു. 64 പന്തിൽ 96 റൺസെടുത്ത ഡുപ്ളെസിയാണ് ആർ സി ബി യെ തുടക്കത്തിലെ തകർച്ചയിൽ നിന്ന് കരകയറ്റിയത്. ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ മറുപടി ബാറ്റിംഗിൽ ലക്നൗ മൂന്ന് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 17 റൺസെടുത്തിട്ടുണ്ട്. മൂന്ന് റൺസെടുത്ത് ഡികോക്കാണ് പുറത്തായത്. ഹേസൽവുഡിന്റെ പന്തിൽ മാക്സ്‌വെൽ ക്യാച്ചെടുക്കുകയായിരുന്നു. 13 റണ്ണെടുത്ത ക്യാപ്ടൻ കെ എൽ രാഹുലും റണ്ണൊന്നുമെടുക്കാതെ മനീഷ് പാണ്ഡേയുമാണ് ക്രീസിൽ.
ശ്രീലങ്കൻ താരം ദുഷ്മന്ത ചമീര എറിഞ്ഞ ആദ്യ ഓവറിൽ രണ്ട് മുൻനിര വിക്കറ്റുകൾ നഷ്ടപ്പെട്ടതാണ് ബാംഗ്ളൂരിന് തിരിച്ചടിയായത്. ഓവറിന്റെ അഞ്ചാം പന്തിൽ ഓപ്പണർ അനുജ് റാവത്തും തൊട്ടടുത്ത പന്തിൽ വിരാട് കൊഹ്‌ലിയും പുറത്തായതാണ് ബാംഗ്ളൂരിന് തിരിച്ചടിയായത്. ഇതിൽ കൊഹ്‌ലിയുടെ വിക്കറ്റാണ് ആർ സി ബിയ്ക്ക് കനത്ത പ്രഹരമേകിയത്.
ഓഫ്സ്റ്റംപിന് പുറത്ത് ഷോർട്ട് ലെംഗ്തിൽ വന്ന പന്ത് അടിച്ചകറ്റാനുള്ള കൊഹ്ലിയുടെ ശ്രമം പിഴയ്ക്കുകയായിരുന്നു. നേരിട്ട ആദ്യ പന്ത് തന്നെ ഉയർത്തിയടിച്ച കൊഹ്‌ലിയെ ബാക്ക്‌വേഡ് പോയിന്റിൽ ഹൂഡ പിടിച്ച് പുറത്താക്കുകയായിരുന്നു. പിന്നാലെ വന്ന ഗ്ളെൻ മാക്സ്‌വെല്ലും സുയാഷ് പ്രഭുദേശായിയും ഉടനെ പുറത്താകുകയായിരുന്നു.