
തൃശൂർ: വിഷുതലേന്ന് പടക്കകടയുടമയെ ഭീഷണിപ്പെടുത്തി ജനാധിപത്യ കേരള കോൺഗ്രസ് നേതാക്കൾ പടക്കം കൊണ്ടുപോയെന്ന് പരാതി. ചേലക്കര ചീരക്കുഴിയിൽ പ്രവർത്തിക്കുന്ന കുന്നംകുളം സ്വദേശി ബോബന്റെ കടയിലാണ് സംഭവം. പിരിവ് ചോദിച്ച് ബോബന്റെ അടുത്തെത്തിയ നേതാക്കൾ 4900 രൂപയുടെ പടക്കം കൊണ്ടുപോയി. പകരം നൽകിയത് അയ്യായിരം രൂപയുടെ സംഭാവന കൂപ്പൺ. 5000 രൂപ പിരിവാണ് നാലംഗ സംഘം ചോദിച്ചത്. പകരം 1000 രൂപ തരാമെന്ന് ബോബൻ പറഞ്ഞു. ഇതോടെയാണ് ഭീഷണിപ്പെടുത്തി 4900 രൂപയുടെ പടക്കം ഇവർ കൊണ്ടുപോയത്.
സംഭവത്തിൽ ജനാധിപത്യ കേരള കോൺഗ്രസ് ജില്ല ജന.സെക്രട്ടറി വി.രാഹുൽ, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ബിജി ജോൺ, മറ്റ് രണ്ടുപേർ എന്നിവർക്കെതിരെയാണ് ബോബൻ പഴയന്നൂർ പൊലീസിൽ പരാതി നൽകിയത്.