
തിരുവനന്തപുരം: അങ്ങാടിക്കുരുവികളുടെ അതിജീവനത്തിനായി വനംവകുപ്പ് സാമൂഹ്യ വനവൽക്കരണ വിഭാഗം നടപ്പിലാക്കി വരുന്ന കുരുവിക്കൊരു കൂട് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കമാവും. തിരുവനന്തപുരം ജില്ലയിലെ മാർക്കറ്റുകളിൽ കുരുവികൾക്കായി കൂടു സ്ഥാപിക്കുകയും തൊഴിലാളികളുമായി ചേർന്ന് അവയുടെ സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യുന്ന പദ്ധതിയാണിത്.
പാളയം കന്നിമാറ മാർക്കറ്റിൽ വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ കുരുവിക്കൂട് സ്ഥാപിച്ച് പദ്ധതിക്ക് തുടക്കമിടും. വനംവകുപ്പിന്റെ സാമൂഹ്യവനവൽക്കരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ റൈറ്റേഴ്സ് ആന്റ് നേച്ചർ ലവേഴ്സ് ഫോറത്തിന്റെ സഹകരണത്തോടെ അൻപതോളം കുരുവിക്കൂടുകളാണ് ഇവിടെ സ്ഥാപിക്കുന്നത്. അമ്പതോളം കൂടുകൾ ചാലമാർക്കറ്റിലും സ്ഥാപിക്കും. ഗതാഗതവകുപ്പ് മന്ത്രി അഡ്വ ആന്റണി രാജു മുഖ്യാതിഥിയായിരിക്കും. ചടങ്ങിൽ വാർഡ് കൗൺസിലർ പാളയം രാജൻ, സാമൂഹ്യവനവൽക്കരണ വിഭാഗം അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഇ പ്രദീപ് കുമാർ തുടങ്ങിയവർ സംബന്ധിക്കും.