
തിരുവനന്തപുരം: ഏറെ നാൾ യാത്രക്കാരെയും കൊണ്ട് നാടുചുറ്റിയ ആനവണ്ടി ഇനി കുട്ടികളുടെ പഠനമുറിയാകും. നെയ്യാറ്റിന്‍കര ഡിപ്പോയിലെ പഴയ ബസാണ് കുട്ടികളുടെ ക്ലാസ് മുറിയായി മാറാൻ ഒരുങ്ങുന്നത്. കാര്യവട്ടം സര്‍വകലാശാല ക്യാമ്പസിലെ കമ്പ്യൂട്ടേഷണല്‍ ബയോളജി ആന്‍ഡ് ബയോ ഇന്‍ഫര്‍മാറ്റിക്‌സ് പഠനവകുപ്പാണ് പുതിയ ദൗത്യത്തിന് പിന്നിൽ.
വകുപ്പ് മേധാവിയായ ഡോ. അച്യുത് ശങ്കര്‍ എസ്.നായരാണ് 'ബസിലൊരു ക്ലാസ്മുറി' എന്ന ആശയം മുന്നോട്ടുവച്ചത്. ക്ലാസ്‌മുറികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വ്യത്യസ്‌തമായ അനുഭവമാക്കണമെന്ന ലക്ഷ്യമാണ് പുതിയ ആശയത്തിലേയ്ക്ക് നയിച്ചത്.

തീവണ്ടിയുടെ ബോഗിയെ ക്ലാസ് മുറിയായി മാറ്റിയെടുക്കാം എന്നതായിരുന്നു ആദ്യത്തെ ആശയം. എന്നാൽ ബോഗി കൊണ്ടുവരുന്നതിന് കേന്ദ്ര സർക്കാരിന്റെ അനുമതി ആവശ്യമാണ്. ഇതോടെയാണ് തീവണ്ടിയ്ക്ക് പകരം ബസ് എന്ന ആശയത്തിലേയ്ക്ക് ഇവരെത്തിച്ചേർന്നത്.
നാലുവര്‍ഷം മുന്‍പ് ബസ് വേണമെന്ന ആവശ്യം ഉന്നയിച്ച് കെ.എസ്.ആര്‍.ടി.സി.ക്ക് ഇവർ അപേക്ഷ നൽകിയെങ്കിലും ഫലമൊന്നും ഉണ്ടായില്ല. ഇതോടെ കെ.എസ്.ആര്‍.ടി.സി. എം.ഡി. ബിജു പ്രഭാകറിന് ഒരു മാസം മുന്‍പ് കത്ത് നല്‍കി. തുടർന്ന് അഞ്ചു ദിവസത്തിനകം വകുപ്പിന് ബസ് അനുവദിച്ചു.
പാപ്പനംകോടുനിന്ന് ക്രെയിനിന്റെ സഹായത്തോടെയാണ് ബസ് കാര്യവട്ടം ക്യാമ്പസില്‍ എത്തിച്ചത്. ബസ് സൗജന്യമായാണ് കെ.എസ്.ആര്‍.ടി.സി വിട്ടുകൊടുത്തത്. ക്രെയിനില്‍ വലിച്ചുകൊണ്ടുവരാനുള്ള ചെലവ് മാത്രമാണ് പഠനവകുപ്പിന് വഹിക്കേണ്ടി വന്നത്.
ബസിനുള്ളിൽ അറ്റകുറ്റപ്പണികള്‍ നടത്തും. വിളക്കുകളും ഫാനുകളും സ്ഥാപിച്ച് ക്ലാസ്‌മുറിയ്ക്ക് സമാനമായ രീതിയിൽ ബസിനെ ഒരുക്കും. ഒരുമാസത്തിനുള്ളിൽ ബസിലെ ക്ലാസ്മുറികള്‍ പ്രവര്‍ത്തിച്ച് തുടങ്ങുന്ന രീതീയിലാണ് പണികൾ പുരോഗമിക്കുക. ബസ് തയാറായിക്കഴിയുന്നതോടെ ഡിപ്പാർട്ട്‌മെന്റിനും ക്യാമ്പസിനും അഭിമാനിക്കാവുന്ന നേട്ടമായി 'ബസിലൊരു ക്ലാസ്മുറി' മാറും.