encroachment-action-delhi

ന്യൂഡൽഹി: ഹനുമാൻ ജയന്തിദിനാഘോഷത്തിൽ ഡൽഹി ജഹാംഗീർപുരിയിലുണ്ടായ സംഘർഷത്തിന് പിന്നാലെ ആക്രമണത്തിൽ പങ്കുള്ളവരെന്നു സംശയിക്കുന്നവരുടെ,​ പ്രദേശത്തെ അനധികൃത നിർമാണങ്ങൾ പൊളിച്ചുമാറ്റാൻ ആരംഭിച്ച് വടക്കൻ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എൻഡിഎംസി). ഇതിനായി ഒരു പ്രത്യേക സംയുക്ത കർമ്മ പരിപാടിയാണ് കോർപ്പറേഷൻ പ്രഖ്യാപിച്ചിരിക്കുന്നത്. പൊളിച്ചുമാറ്റൽ പ്രക്രിയയുമായി ബന്ധപ്പെട്ടുള്ള ക്രമസമാധാന പ്രശ്നങ്ങളെ നേരിടാൻ 400 പൊലീസുകാരെ വിന്യസിച്ചിരിക്കുന്നത്.

jahangirpuri-case

ജഹാംഗീർപുരി സംഘർഷത്തിലെ പ്രതികൾ പ്രദേശത്തെ അനധികൃത നിർമാണത്തിലും കൈയേറ്റത്തിലും പങ്കുള്ളവരാണെന്ന് ആരോപിച്ച് ഡൽഹി ബിജെപി അദ്ധ്യക്ഷൻ ആദേശ് ഗുപ്ത മേയർക്ക് കത്തയച്ചിരുന്നു. ഇതിനു പിന്നാലെയാണ് കോർപ്പറേഷന്റെ നടപടി. അനധികൃത നിർമാണങ്ങൾ എത്രയും വേഗം പൊളിച്ചു നീക്കണമെന്നാണ് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടത്.

ജഹാംഗീർപുരിയിൽ നടന്ന ഹനുമാൻ ജയന്തി ഘോഷയാത്രയ്ക്ക് നേരെ ചില സാമൂഹ്യ വിരുദ്ധർ കല്ലെറിയുകയും കലാപം ഉണ്ടാക്കുകയും ചെയ്തു. ഇവർക്ക് ആം ആദ്മി പാർട്ടിയുടെ എംഎൽഎയുടെയും കൗൺസിലറുടെയും പിന്തുണയുണ്ട്. ഈ ആക്രമണവുമായി ബന്ധമുള്ളവർ ഇവിടെ വലിയ തോതിലുള്ള കയ്യേറ്റം നടത്തി കെട്ടിടങ്ങൾ നിർമിച്ചിട്ടുണ്ട്. അതിനാൽ അവ കണ്ടെത്തി എത്രയും വേഗം അവയ്ക്ക് മുകളിലൂടെ ബുൾഡോസർ കയറ്റി പൊളിച്ചുമാറ്റണമെന്ന് കത്തിൽ പറയുന്നു. കഴിഞ്ഞയാഴ്ച രാമനവമി ഘോഷയാത്രയ്ക്കിടെ ഖാർഗോണിൽ നടന്ന വർഗീയ സംഘർഷങ്ങളുടെ പ്രതികളുടെ വീടുകൾ മദ്ധ്യപ്രദേശ് സർക്കാർ സമാന രീതിയിൽ തകർത്തിരുന്നു. ഇത് വൻ വിവാദമുണ്ടാക്കിയിരുന്നു.