
ഹൈദരാബാദ്: തെലങ്കാനയിൽ കഴിഞ്ഞ എട്ട് മാസമായി ലൈംഗികവൃത്തിക്ക് നിർബന്ധിതയാക്കപ്പെട്ട പതിമൂന്നുകാരിയെ പൊലീസ് രക്ഷപ്പെടുത്തി. എട്ട് മാസത്തിനിടെ 80ഓളം പേർ ചേർന്ന് കുട്ടിയെ ബലാത്സംഗം ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ ബി.ടെക് വിദ്യാർത്ഥിയടക്കമുള്ള പത്ത് പേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട 80പേരെയും അറസ്റ്റ് ചെയ്യുമെന്നും ഒളിവിൽ പോയവർക്കായുള്ല തെരച്ചിൽ നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
2021ജൂണിൽ കൊവിഡ് ബാധിച്ച് കുട്ടിയുടെ അമ്മ ആശുപത്രിയിൽ കഴിയുന്നതിനിടെ സൗഹൃദം സ്ഥാപിച്ച സവർണ കുമാരി എന്ന സ്ത്രീയാണ് ഇതിന് പിന്നിലെന്നും പൊലീസ് പറഞ്ഞു. അമ്മ കൊവിഡ് ബാധിച്ച് മരിച്ചതോടെ ഇവർ കുട്ടിയെ ദത്തെടുക്കുകയായിരുന്നു. പിതാവിന്റെ സമ്മതമില്ലാതെയാണ് ഇവർ പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. മകളെ കാണാനില്ല എന്ന പിതാവിന്റെ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് മുഖ്യ പ്രതിയായ സവർണ കുമാരിയെ കണ്ടെത്തിയത്.