delhi-case-sc-stops-corp

ന്യൂഡൽഹി: ജഹാംഗീർപുരിയിലെ സംഘർഷവുമായി ബന്ധപ്പെട്ട ആക്രമണത്തിൽ പങ്കുള്ളവരെന്ന് സംശയിക്കുന്നവരുടെ അനധികൃത കയ്യേറ്റങ്ങൾ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്താൻ മുതിർന്ന വടക്കൻ ഡൽഹി കോർപ്പറേഷന്റെ നടപടിയെ സുപ്രീം കോടതി തടഞ്ഞു. സർക്കാർ ഭൂമിയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ രണ്ടു ദിവസത്തെ പദ്ധതിയാണ് രൂപീകരിച്ചിരുന്നത്. ഇന്ന് രാവിലെയോടെ നടപടികൾക്ക് തുടക്കവും ഇട്ടിരുന്നു. ഇതിനു പിന്നാലെയായിരുന്നു കോടതിയുടെ ഇടപെടൽ.


ഹനുമാൻ ജയന്തി ദിനത്തിൽ നടന്ന ഘോഷയാത്രയ്ക്ക് ചിലർ കല്ലെറിയുകയും സംഘർഷമുണ്ടാക്കുകയും ചെയ്തിരുന്നു. അക്രമത്തിനു പിന്നിലുള്ളവർ പ്രദേശത്തെ സർക്കാർ ഭൂമി കയ്യേറി അനധികൃത നിർമാണങ്ങൾ നടത്തിയിട്ടുണ്ടെന്നും അത് എത്രയും വേഗം പൊളിച്ചു നീക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി അദ്ധ്യക്ഷൻ ആദേശ് ഗുപ്ത മേയർക്ക് കത്തയച്ചിരുന്നു. ഇതിനു പിന്നാലെയാണ് അനധികൃത നിർമാണങ്ങൾ ഒഴിപ്പിക്കാൻ ഭരണകൂടം തീരുമാനിച്ചത്.

വൻ പൊലീസ് സന്നാഹത്തോടെയാണ് കോർപ്പറേഷൻ നടപടിക്ക് മുതിർന്നത്. എന്നാൽ നടപടികൾ നിറുത്തിവയ്ക്കാനും തൽസ്ഥിതി തുടരാനുമാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനായി ഒരു പ്രത്യേക സംയുക്ത കർമ്മ പരിപാടിയാണ് കോർപ്പറേഷൻ പ്രഖ്യാപിച്ചിരിക്കുന്നത്. പൊളിച്ചുമാറ്റൽ പ്രക്രിയയുമായി ബന്ധപ്പെട്ടുള്ള ക്രമസമാധാന പ്രശ്നങ്ങളെ നേരിടാൻ 400 പൊലീസുകാരെ വിന്യസിക്കുകയും ചെയ്തിരുന്നു.

#WATCH | Anti-encroachment drive still underway at Jahangirpuri by North Delhi Municipal Corporation despite Supreme Court order to maintain status-quo pic.twitter.com/cAG4FhdpMT

— ANI (@ANI) April 20, 2022

ജഹാംഗീർപുരിയിൽ നടന്ന ഹനുമാൻ ജയന്തി ഘോഷയാത്രയ്ക്ക് നേരെ ചില സാമൂഹ്യ വിരുദ്ധർ കല്ലെറിയുകയും കലാപം ഉണ്ടാക്കുകയും ചെയ്തു. ഇവർക്ക് ആം ആദ്മി പാർട്ടിയുടെ എം എൽ എയുടെയും കൗൺസിലറുടെയും പിന്തുണയുണ്ട്. ഈ ആക്രമണവുമായി ബന്ധമുള്ളവർ ഇവിടെ വലിയ തോതിലുള്ള കയ്യേറ്റം നടത്തി കെട്ടിടങ്ങൾ നിർമിച്ചിട്ടുണ്ട്. അതിനാൽ അവ കണ്ടെത്തി എത്രയും വേഗം അവയ്ക്ക് മുകളിലൂടെ ബുൾഡോസർ കയറ്റി പൊളിച്ചുമാറ്റണമെന്നാണ് ആദേശ് ഗുപ്ത കത്തിൽ ആവശ്യപ്പെട്ടത്. കഴിഞ്ഞയാഴ്ച രാമനവമി ഘോഷയാത്രയ്ക്കിടെ ഖാർഗോണിൽ നടന്ന വർഗീയ സംഘർഷങ്ങളുടെ പ്രതികളുടെ വീടുകൾ മദ്ധ്യപ്രദേശ് സർക്കാർ സമാന രീതിയിൽ തകർത്തിരുന്നു. ഇത് വൻ വിവാദമുണ്ടാക്കിയിരുന്നു.