
ലോകത്തിൽ ഏറ്റവുമധിക ആൾക്കാർ ഇന്റർനെറ്റ് ഉപയോഗിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഏകദേശം 658 ദശലക്ഷം ആൾക്കാരാണ് രാജ്യത്ത് ഇന്റർനെറ്റ് ഉപയോഗിക്കുന്നത്. ഈ വർഷം തന്നെ 5ജി സേവനം ലഭ്യമാക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. എന്നാൽ 4ജിയുടെ ശരിയായ സ്പീഡ് പോലും മര്യാദയ്ക്ക് ലഭിക്കുന്നില്ല എന്ന പരാതി രാജ്യത്തുടനീളമുണ്ട്. ഇപ്പോൾ പുറത്തു വന്ന റിപ്പോർട്ടുകൾ ആ ആരോപണത്തെ ഊട്ടിയുറപ്പിക്കുന്നതുമാണ്. ഇന്ത്യയുടെ ഇന്റർനെറ്റ് വേഗത ദിവസം തോറും കുറഞ്ഞ് വരികയാണെന്നാണ് ഈ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അടുത്തിടെ ഓക്ല പുറത്തിറക്കിയ സ്പീഡ് ടെസ്റ്റ് റിപ്പോർട്ട് പ്രകാരം മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ ആദ്യ നൂറ് സ്ഥാനങ്ങളിൽ പോലും ഇന്ത്യയില്ല. ലോകത്തെ ദരിദ്ര രാജ്യങ്ങൾ പോലും ഇന്ത്യയേക്കാൾ മുന്നിലാണെന്നത് രാജ്യത്തിന് നാണക്കേടാണ്. ഫിക്സ്ഡ് ബ്രോഡ്ബാൻഡ് വേഗതയുടെ കാര്യത്തിലും സ്ഥിതി സമാനമാണ്.

ഇക്കഴിഞ്ഞ മാർച്ചിൽ ഓക്ല പുറത്തുവിട്ട സ്പീഡ് ടെസ്റ്റ് ഗ്ലോബൽ ഇൻഡക്സ് പ്രകാരം മൊബൈൽ ഇന്റർനെറ്റ് സ്പീഡിൽ ഇന്ത്യയുടെ സ്ഥാനം 120 ആണ്. കഴിഞ്ഞ വർഷം ഇത് 115 ആയിരുന്നു. ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് വേഗതയുടെ കാര്യത്തിലാണെങ്കിൽ 72 ആം സ്ഥാനത്തും. കഴിഞ്ഞ വർഷത്തെ 64 ആം സ്ഥാനത്ത് നിന്നുമാണ് 8 സ്ഥാനം താഴേക്ക് പോയത്.
2022 മാർച്ചിലെ കണക്ക് പ്രകാരം സെക്കൻഡിൽ 48.15 എംബിയാണ് ഇന്ത്യയുടെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റിന്റെ (ഡൗൺലോഡ്) മീഡിയൻ ശരാശരി വേഗത. അതേസമയം, ആഗോള ഫിക്സ്ഡ് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സ്പീഡിന്റെ ശരാശരി എന്നത് 62.52 എംബിപിഎസും (ഡൗൺലോഡ്) 26.98 എംബിപിഎസും (അപ‌്ലോഡ്) ആണ്.
ഇന്ത്യയിൽ മൊബൈൽ നെറ്റ്‌വർക്കിന്റെ കാര്യം അതിലും കഷ്ടമാണ്. ശരാശരി മൊബൈൽ ഇന്റർനെറ്റ് ഡൗൺലോഡ് വേഗത എന്നത് സെക്കൻഡിൽ 13.67 എംബിയാണ്. അപ്‌ലോഡ് വേഗത വെറും 3.61 എംബിപിഎസും. ആഗോള ശരാശരി ഡൗലോഡിന് 29.96 എംബിപിഎസും അപ്‌ലോഡിന് 8.70 എംബിപിഎസും ആണെന്നിരിക്കെയാണ് ഇന്ത്യക്കാരുടെ ഇന്റർനെറ്റ് ഒച്ചിഴയുന്നത് പോലെ തുടരുന്നത്.

വികസനത്തിന്റെ കാര്യത്തിൽ ഇന്ത്യയേക്കാൾ ബഹുദൂരം പിന്നിലുള്ള പല രാജ്യങ്ങളും ഇന്റർനെറ്റ് വേഗതയിൽ മുന്നിലാണെന്നത് ഡിജിറ്റൽ ലോകത്തിൽ ഇന്ത്യയെ നാണം കെടുത്തുന്ന വസ്തുതയാണ്. നേപ്പാൾ (109), പാകിസ്ഥാൻ (107), കെനിയ (105), നൈജീരിയ (94), ഫിലിപ്പീൻസ് (93), ഇറാൻ (74) എന്നീ രാജ്യങ്ങളല്ലാം ഇന്ത്യയേക്കാൾ മുന്നിലാണ്. പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള യു എ ഇയുടെ മൊബൈൽ ഇന്റർനെറ്റിന്റെ ശരാശരി ഡൗൺലോഡ് സ്പീഡ് സെക്കൻഡിൽ 135.35 എംബിയാണ്. ഇന്ത്യയുടെ വേഗതയുടെ പത്തിരട്ടിയാണ് ഇതെന്നത് ശ്രദ്ധേയമാണ്.
ലോകത്തിൽ ഏറ്റവും കൂടുതൽ ആൾക്കാർ ഇന്റർനെറ്റ് ഉപയോഗിക്കുന്ന ചൈന, പട്ടികയിൽ 11 ആം സ്ഥാനത്താണ്. ശരാശരി 83.43 എംബിപിഎസ് ഡൗൺലോഡ് സ്പീഡാണ് ചൈനയിലെ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായി) കണക്കുകൾ പ്രകാരം ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് 20 എംബിപിഎസിന് മുകളിൽ വേഗത നൽകുന്നത് ജിയോ മാത്രമാണ്. വിഐ, എയർട്ടെൽ, ബിഎസ്എൻഎൽ തുടങ്ങിയവർ 15 എംബിപിഎസിനു താഴെ മാത്രമാണ് ഡൗൺലോഡ് വേഗത നൽകുന്നത്.
പട്ടികയിൽ ഇന്ത്യയേക്കാൾ (13.67 എംബിപിഎസ്) മുന്നിലുള്ള ചില രാജ്യങ്ങളും അവരുടെ മൊബൈൽ ഇന്റർനെറ്റിന്റെ ശരാശരി വേഗതയും
(സ്ഥാനം, രാജ്യം, ഡൗൺലോഡ് സ്പീഡ്)
109 നേപ്പാൾ - 16.45 എംബിപിഎസ്
107 പാകിസ്ഥാൻ - 16.73 എംബിപിഎസ്
105 കെനിയ - 16.93 എംബിപിഎസ്
90 റഷ്യ - 20.46 എംബിപിഎസ്
94 നൈജീരിയ - 18.92 എംബിപിഎസ്
85 എത്യോപ്യ - 21.08 എംബിപിഎസ്
74 ഇറാൻ 24.90 എംബിപിഎസ്
43 ജപ്പാൻ - 44.05 എംബിപിഎസ്
23 യുണൈറ്റഡ് സ്റ്റേറ്റ്സ് - 61.12 എംബിപിഎസ്
11 ചൈന - 83.43 എംബിപിഎസ്
04 ദക്ഷിണ കൊറിയ 117.95 എംബിപിഎസ്
01 യുഎഇ 135.35 എംബിപിഎസ്