
പത്തനംതിട്ട: കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസിലെ യാത്രക്കാരിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയെ തുടർന്ന് ആരോപണവിധേയനായ ഡ്രൈവർക്ക് സസ്‌പെൻഷൻ. പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവറായ ചിറ്റാർ സ്വദേശി ഷാജഹാനെയാണ് സസ്‌പെൻഡ് ചെയ്തത്. പ്രാഥമിക അന്വേഷണത്തിൽ ഡ്രൈവർ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഗതാഗതമന്ത്രിയുടെ നിർദേശ പ്രകാരം കെ എസ് ആർ ടി സി എംഡിയാണ് ഉത്തരവിറക്കിയത്.
ശനിയാഴ്ച പത്തനംതിട്ടയിൽ നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസിൽ വച്ചാണ് പരാതിക്ക് ആസ്പദമായ സംഭവം. ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയ കുടുംബത്തിലെ അംഗമായ പിജി വിദ്യാർത്ഥിനിക്കാണ് ദുരനുഭവം. യാത്രയ്ക്കിടെ പുലർച്ചെ മൂന്ന് മണിയോടെ കൃഷ്ണഗിരിക്ക് സമീപത്തു വച്ചാണ് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്നാണ് പെൺകുട്ടി പറയുന്നത്. ജനൽചില്ല് നീക്കാനായി ഡ്രൈവറുടെ സഹായം തേടി. ഈ സമയത്ത് തന്നോട് അപമര്യാദയായി പെരുമാറുകയായിരുന്നുവെന്നാണ് പരാതി.
ഡ്രൈവറുടെ പെരുമാറ്റം തനിക്ക് ഷോക്കുണ്ടാക്കിയെന്നും, ആ സമയത്ത് പ്രിതികരിക്കാനായില്ലെന്നും പെൺകുട്ടി പറഞ്ഞു. ബംഗളൂരുവിലെ തന്റെ വീട്ടിലെത്തിയ ശേഷമാണ് പെൺകുട്ടി ഇമെയിൽ വഴി പരാതി നൽകിയത്. സംഭവത്തിൽ കെഎസ്ആർടിസി വിജിലൻസ് ഓഫീസറുടെ നേതൃത്വത്തിലാണ് പ്രാഥമിക അന്വേഷണം നടന്നത്.
അതേസമയം, ആരോപണം നിഷേധിക്കുന്നുവെന്ന് ഡ്രൈവർ ഷാജഹാൻ പ്രതികരിച്ചു. പരാതി കെട്ടിച്ചമച്ചതാണ്. പരാതിയിൽ പറയുന്ന വാദം കള്ളത്തരമാണ്. പെൺകുട്ടി പറഞ്ഞ സമയത്തല്ല ബസ് കൃഷ്ണഗിരിയിലെത്തിയത്. പുലർച്ചെ മൂന്ന് മണിയ്ക്ക് എത്തി എന്നു പറയുന്ന ബസ് ശരിക്കും ആറരയ്ക്കാണ് കൃഷ്ണഗിരിയിൽ എത്തിച്ചേർന്നത്. പെൺകുട്ടി ഉപദ്രവിച്ചുവെന്ന് പറയുന്ന സമയത്ത് താൻ വണ്ടി ഓടിക്കുകയായിരുന്നു. സംഭവത്തിൽ എല്ലാ യാത്രക്കാരുടേയും മൊഴിയെടുക്കണം. തനിക്കും രണ്ട് പെൺമക്കളുണ്ട്. ഓരോ വണ്ടിയിലും പഠിക്കാൻ പോകുന്ന പെൺകുട്ടികൾ തന്റെ മക്കളെപ്പോലെയാണെന്നുമാണ് സംഭവത്തെക്കുറിച്ച് ഷാജഹാൻ പ്രതികരിച്ചത്.