
മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ടാണ് ജഗതി ശ്രീകുമാർ. എന്നാൽ ഹാസ്യം എന്ന ഒരു ഭാവത്തിൽ മാത്രം ഒതുക്കാൻ കഴിയുന്നതുമല്ല അദ്ദേഹത്തിന്റെ കഴിവ്. എത്രയോ വർഷം മലയാളി പ്രേക്ഷകന്റെ ആസ്വാദനത്തിന്റെ ഭാഗമായിരുന്നു ജഗതി. ഇപ്പോഴിതാ സിബിഐ 5വിലൂടെ വിക്രമായി തിരിച്ചെത്തുകയാണ് ആ മഹാനടൻ.
കൗമുദി ടിവിയിൽ ജഗതി ശ്രീകുമാറിനും മകൻ രാജ്കുമാറിനുമൊപ്പമുള്ള നടി സുബി സുരേഷിന്റെ അഭിമുഖം ശ്രദ്ധേയമാവുകയാണ്. സിനിമയിൽ സജീവമായിരുന്ന കാലത്ത് ജഗതിക്ക് ഏതു നടനുമായിട്ടായിരുന്നു ഏറ്റവും കൂടുതൽ ആത്മബന്ധം എന്ന ചോദ്യത്തിന് രാജ്കുമാർ നൽകിയ മറുപടി പ്രസക്തമായിരുന്നു.
'ലാൽ അങ്കിൾ ഇടയ‌്ക്കിടയ‌്ക്കൊക്കെ വിളിക്കും, പപ്പയുടെ കാര്യങ്ങൾ അന്വേഷിക്കും. കുറച്ചുനാൾ മുമ്പുവരെ അദ്ദേഹം കാര്യങ്ങളൊക്കെ വിളിച്ചു ചോദിക്കുമായിരുന്നു. ഇപ്പോൾ ഓരോരുത്തർക്കും അവരുടേതായ തിരക്കുകളുണ്ടല്ലോ?. സിനിമയിൽ പപ്പയ‌്ക്ക് ആത്മബന്ധമുള്ളവരായി ആരെങ്കിലുമുണ്ടെന്ന് പറഞ്ഞിട്ടില്ല. എല്ലാവരെയും ഒരുപോലെ കാണുകയും , ഒരുപോലെ പെരുമാറുകയും ചെയ്യുന്നയാളായിരുന്നു അദ്ദേഹം. പറയുന്ന കാര്യങ്ങൾ വകവയ്‌ക്കാതെ പറയും'-രാജ്കുമാറിന്റെ വാക്കുകൾ.